പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രി ഏതെന്ന ചോദ്യത്തിന് കൊച്ചുകുട്ടികളുടെ പോലും ഉത്തരം ആരോഗ്യ മന്ത്രി കെ.കെ ശൈലജ എന്നായിരിക്കും. നിപ്പയെയും, അടിയ്ക്കടി എത്തുന്ന പനികളെയും ഏറ്റവും ഒടുവിൽ കൊറോണയെ പോലും സ്വന്തം ആത്മധൈര്യം കൊണ്ടു നേരിട്ടാണ് ശൈലജ ടീച്ചർ കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രിയായി മാറിയത്. എന്നാൽ, ടീച്ചറുടെ ഷൈനിംങ് പാർട്ടിയ്ക്കുള്ളിൽ അവരെ അനഭിമതയാക്കിയതായാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.
കൊവിഡിന്റെ ആദ്യ നാളുകളിൽ കെ.കെ ശൈലജ ടീച്ചറായിരുന്നു മാധ്യമങ്ങളിൽ വിവരങ്ങൾ നൽകിയിരുന്നത്. എന്നാൽ, രമേശ് ചെന്നിത്തലയുടെ വിമർശനത്തോടെ പിണറായി വിജയൻ നേരിട്ട് മീഡിയ ബ്രീഫിങ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് സി.പി.എമ്മിനുള്ളിൽ അടക്കം കെ.കെ ശൈലജയ്ക്കു ശത്രുക്കൾ ആരംഭിച്ചത്.
നിപ്പയെയും കൊറോണയെയും ഫലപ്രദമായി നേരിട്ട് കെ.കെ ശൈലജയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ അടക്കും ഒരു വിഭാഗം സൈബർ സഖാക്കൾ ആരംഭിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജയാകും സി.പി.എമ്മിന്റെ തുറുപ്പു ചീട്ട് എന്നതായിരുന്നു പ്രധാന പ്രചാരണം. കെ.കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു സൈബർ സഖാക്കളുടെ വാഗ്ദാനം.
ഇതോടെയാണ് കേരളത്തിലെ സി.പി.എമ്മിനുള്ളിൽ മറ്റൊരു വനിതാ നേതാവ് കൂടി രക്തസാക്ഷിയാകും എന്ന സൂചന ലഭിച്ചത്. കേരം തിങ്ങും കേരള നാട് കെ.ആർ ഗൗരിഭരിക്കട്ടെ എന്ന മുദ്രാവാക്യമാണ്് 1970 കളിൽ കേരളത്തിലെ വയലേലകളിലും ഇടവഴികളിലും ഉയർന്നു കേട്ടിരുന്നത്. ഇതു മതിയായിരുന്നു കേരളത്തിലെ പാർട്ടി ഉന്നതൻമാർക്കു ഗൗരിയമ്മയെ ചവിട്ടിപുറത്താക്കാൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലേയ്ക്കു വരെ ഉയർന്ന ഗൗരിയമ്മ അതിവേഗം പാർട്ടിക്കു പുറത്തായി.
ഈ അവസ്ഥ തന്നെയാണ് ഇപ്പോൾ കെ.കെ ശൈലജയ്ക്കും ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയായി പാടിപുകഴ്ത്തിയ വനിതാ നേതാവിന് പുറത്തേയ്ക്കുള്ള വഴി തുറന്നതായാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം.