കൊച്ചി: ചെങ്ങന്നൂരിൽ കെ.എം മാണിയെത്തി. യുഡിഎഫിനുള്ള പിന്തുണ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാത്രമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി പറഞ്ഞു. മുന്നണി സംവിധാനത്തെക്കുറിച്ച് പിന്നീട് ആലോചിച്ച് തീരുമാനം എടുക്കും. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് സംവിധാനത്തിന്റെ പിന്നാലെയല്ല പോകേണ്ടത്. കേരളാ കോണ്‍ഗ്രസ് സമ്മേളനം നടത്തി യുഡിഎഫിനെ പിന്തുക്കണമെന്നും കെഎം മാണി പറഞ്ഞു.
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ശത്രുവിനെപ്പോലും സ്‌നേഹിക്കുക എന്നതാണ് തന്റെ നിലപാട്. പഴയ കാലത്ത് ഒരു പാട് പീഡനങ്ങളും പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. വളരെ അധികം വേദനിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നും മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിന് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. കെ.പി.സി.സി നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതിനാലാണ് യു.ഡി.എഫിന് പിന്തുണ നല്‍കുന്നത്. യു.ഡി.എഫ് നേതാക്കള്‍ക്ക് സ്‌നേഹവും വിശ്വാസവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് മുന്നണി വിട്ടതെന്നും മാണി പറഞ്ഞു. ഇപ്പോള്‍ ആ സാഹചര്യം നിലവിലില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്‌നേഹവും വിശ്വാസവും ഉണ്ടെന്ന് മനസിലായി. സ്‌നേഹം തിരിച്ചു കിട്ടിയെന്നും മാണി പറഞ്ഞു.