തിരുവനന്തപുരം:ആരാണീ കെ.എം ഷാജഹാന്‍ ? കഴിഞ്ഞ ദിവസം ജിഷ്ണു പ്രണോയിയുടെ അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ മേല്‍ ബലപ്രയോഗം നടത്തിയ പോലീസ്, പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന 4 പൊതു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വാശ്രയ വിദ്യാഭ്യാസക്കൊള്ളയുടെ ഇരയായ ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നല്‍കാന്‍ പ്രതിഷേധസ്ഥലത്തെത്തി എന്ന ഒറ്റക്കാരണത്താല്‍ കെ.എം.ഷാജഹാന്‍, ഷാജിര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നീ 4 പൊതുപ്രവര്‍ത്തകരാണ് പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്നത്.
കെ.എം. ഷാജഹാന്‍ എന്ന പേര് കേരളം പരിചയിക്കുന്നത് വി എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. സിപിഎമ്മില്‍ മുരടന്‍ മുഖമുണ്ടായിരുന്ന വിഎസിനെ ജനകീയനാക്കിയത് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ നിന്നു പഠിച്ചിറങ്ങിയ ഈ ബുദ്ധിജീവിയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ വിഎസിന്റെ ശില്‍പ്പിയാണ് ഒരാവശ്യമുമില്ലാതെ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കിടക്കുന്ന ഇദ്ദേഹം. സ്ത്രീപീഡനം, ഭൂമികയ്യേറ്റം തുടങ്ങി എല്ലാത്തരം അനീതികള്‍ക്കും അഴിമതികള്‍ക്കുമെതിരേ കേരളത്തില്‍ 2001-2006 കാലത്തുണ്ടായ വലിയ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ അച്ചുതാനന്ദനെ സജ്ജനാക്കിയത് ഷാജഹാനായിരുന്നു.പാമ്പാടി നെഹ്രു കോളജില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്നു ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്തിനിടെ അറസ്റ്റിലായതോടെയാണ് കെ.എം. ഷാജഹാന്‍ എന്ന പേര് കേരളം വീണ്ടും ചര്‍ച്ച ചെയ്യുന്നത്. സ്വാശ്രയ വിദ്യാഭ്യാസക്കൊള്ളയുടെ ഇരയായ ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നല്‍കാന്‍ പ്രതിഷേധസ്ഥലത്തെത്തി എന്ന ഒറ്റക്കാരണത്താല്‍ കെ.എം.ഷാജഹാന്‍ ഇന്ന് ജയിലിലാണ്
മഹിജയ്‌ക്കെതിരായ നടപടിയില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് ഒരു പൊതുയോഗത്തില്‍ ഷാജഹാന്റെ പേര് പരാമര്‍ശിക്കുകയുണ്ടായി. സമരത്തില്‍ നുഴഞ്ഞുകയറിയവര്‍ എന്ന നിലയിലാണ് ഷാജഹാന്റെ പേര് അദ്ദേഹം ഉച്ഛരിച്ചത്. ഹിമവല്‍ ഭദ്രാനന്ദ എന്ന തോക്കുസ്വാമിയുടെ പേരു പറഞ്ഞിട്ട് കെ.എം.ഷാജഹാന്‍ എന്ന പേരാണ് പിണറായി വിജയന്‍ പറയുന്നത്. ഷാജഹാന്‍ എന്ന പേര് പറയുമ്പോള്‍ പിണറായിയുടെ മുഖത്തു വിരിഞ്ഞ ചിരി ഒതുക്കാന്‍ അദ്ദേഹം ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ഷാജഹാനെ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ എന്നാണ് പതിവുഭാഷയില്‍ പിണറായി ചോദിച്ചത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ, പ്രത്യേകിച്ച് പാര്‍ട്ടിയിലെ പിണറായി പക്ഷത്തിന്റെ ശക്തനായ വിമര്‍ശകനാണ് ഷാജഹാന്‍. ഷാജഹാന് എതിരേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ പിണറായി വിഭാഗത്തിന്റെ അനുയായികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്ന ആക്രമണങ്ങള്‍ എന്നത്തെക്കാള്‍ ശക്തമാണിന്ന്. തങ്ങളുടെ ശക്തനായ ഒരു വിമര്‍ശകനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതോടെ അയാളുടെ ശല്യം അവസാനിച്ചുവെന്നാണ് അവരുടെ ധാരണ. ജയിലില്‍ അടയ്ക്കുന്നതോടെ ഒരാളുടെ പൊതുപ്രവര്‍ത്തനം അവസാനിച്ചു എന്ന് കരുതുന്ന ശുദ്ധാത്മാക്കള്‍ ചരിത്രത്തിന്റെ പാഠങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളവരല്ല. ഇപ്പോള്‍ ഷാജഹാനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത് ലാവലിന്‍ കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തന്റെ മകനോട് പിണറായി പ്രതികരാം തീര്‍ക്കുകയാണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് ഷാജഹാന്റെ അമ്മ തങ്കമ്മയാണ്.
കെ.എം.ഷാജഹാന്‍ എങ്ങനെ പൊതുപ്രവര്‍ത്തനാകും എന്നാണ് ജീവിതത്തില്‍ പൊതുപ്രവര്‍ത്തനം നടത്തിയിട്ടില്ലാത്ത ചില സി.പി.എം അനുഭാവികളുടെ ചോദ്യം. ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമില്ലാത്തവര്‍ പൊതുപ്രവര്‍ത്തരാകുന്നതെങ്ങനെയാണ് എന്നാണ് അവരുടെ ചോദ്യം. മറ്റൊരാള്‍ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ക്രൂരമായ വ്യക്തിഹത്യക്കിരയായ പൊതുപ്രവര്‍ത്തകനാണ് കെ.എം.ഷാജഹാന്‍. ഷാജഹാനെ, നിലവാരമില്ലാത്ത ഭാഷയില്‍ ആക്ഷേപിക്കുന്നവരില്‍ മിക്കവരും ഷാജഹാനെക്കുറിച്ച് ഒന്നും മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.
കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫിഷറീസില്‍ എം.എസ്.സി പാസ്സായതിനുശേഷം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന കാലത്താണ് ഇടതുപക്ഷത്തിന്റെ ആഗോളവത്ക്കരണ വിരുദ്ധ ക്യാമ്പയിനുകളിലെ മുന്നണിപ്പോരാളി എന്ന നിലയില്‍ കെ.എം. ഷാജഹാനെ കേരളം അറിയുന്നത്. ഗാട്ടുകരാറിനെക്കുറിച്ചും ഫിഷറീസ് മേഖലയില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നമ്മുടെ കൃഷിയിലും വ്യവസായത്തിലും ആഗോളവത്ക്കരണം സൃഷ്ടിക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചും ഷാജഹാന്‍ എഴുതിയ ലേഖനങ്ങളും പ്രസംഗങ്ങളും ആ ആശയസമരങ്ങളില്‍ വലിയ പങ്കുവഹിച്ചു. കേരളത്തിലുടനീളം നടന്ന പ്രചരണ പരിപാടികളുടെ മുന്‍നിരയില്‍ ഷാജഹാനുണ്ടായിരുന്നു.
1996-2001ലെ ഇടതുമുന്നണി മന്ത്രിസഭക്കാലത്ത് ആസൂത്രണബോഡ് വൈസ് ചെയര്‍മാനായിരുന്ന ഐ.എസ്.ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സമര്‍ത്ഥനായ ഒരു ആക്ടിവിസ്റ്റ് ബുദ്ധിജീവി വേണം എന്ന സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ആ ചുമതല ഏറ്റെടുക്കാന്‍ സി.പി.എം ഷാജഹാനെ നിയോഗിച്ചു. അധികാരവികേന്ദ്രീകരണത്തില്‍ പുതിയ തുടക്കം കുറിക്കുകയും ജനകീയാസൂത്രണം ആരംഭിക്കുകയും ചെയ്ത സുപ്രധാനമായ ആ കാലയളവില്‍ ആസൂത്രണ ബോഡില്‍ ഐ.എസ്.ഗുലാത്തിക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനു പിന്നില്‍ ഷാജഹാന്റെ കഠിനാദ്ധ്വാനത്തിന് വലിയ പങ്കുണ്ട് .2001 ല്‍ വി എസ് അച്ചുതാനന്ദന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷാജഹാന്‍, വി എസ്സിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്. കേരളസമൂഹത്തില്‍ അനീതിക്കും അഴിമതിക്കും എതിരേ പ്രതികരിക്കുന്ന ഏതൊരാള്‍ക്കും ധൈര്യത്തോടെ ചെന്നുകയറാനുള്ള ഇടമാക്കി പ്രതിപക്ഷ നേതാവിന്റെ ഓഫീസിനെ ഷാജഹാന്‍ മാറ്റി. സിപിഎമ്മിന്റെ സാമ്പ്രദായിക രീതികളാല്‍ പാര്‍ട്ടിയില്‍ നിന്നകന്നു നിന്ന ധാരാളം പേര്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന പുതിയ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി. സിപിഎമ്മിലെ ഒരു വിഭാഗത്തിനു മാത്രം അഭിമതനായിരുന്ന അച്ചുതാനന്ദന്‍ കേരളീയ സമൂഹത്തിന്റെ പ്രിയപ്പെട്ട നേതാവായി മാറിയതിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടത്, നന്മയുടെ എല്ലാ സ്രോതസ്സുകളെയും മുന്‍വിധികളില്ലാതെ ഉപയോഗപ്പെടുത്താന്‍ തയ്യാറാകുകയും തികഞ്ഞ ലക്ഷ്യബോധത്തോടെ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത കെ.എം.ഷാജഹാന്‍ എന്ന വിട്ടുവീഴ്ചയില്ലാത്ത പോരാളിക്കാണ്.
സിപിഎമ്മില്‍, പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി എസ്.അച്ചുതാനന്ദന്റെയും നേതൃത്വത്തില്‍ രൂപം കൊണ്ട ചേരികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ എറ്റവും രൂക്ഷമായ കാലമായിരുന്നു 2001-2006. ആ പോരാട്ടത്തില്‍ വി എസ്.അച്ചുതാനന്ദനെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗം എന്ന നിലയില്‍ ബാദ്ധ്യസ്ഥനായിരുന്നു ഷാജഹാന്‍. അഴിമതിക്കെതിരേ വി എസ് എടുത്ത നിലപാടുകളോടൊപ്പമായിരുന്നു സ്വാഭാവികമായും ഷാജഹാന്‍. വ്യാജലോട്ടറി മാഫിയയുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും സ്ത്രീപീഡകരുടെയും നോട്ടപ്പുള്ളിയായി ഷാജഹാന്‍ മാറിയത് അങ്ങനെയാണ്. അച്ചുതാനന്ദന്റെ പോരാട്ടങ്ങള്‍ക്ക് ഷാജഹാന്റെ ബൗദ്ധിക പിന്‍ബലം നല്‍കിയ ശക്തിയെക്കുറിച്ച് ഏറ്റവും അധികം ബോധ്യമുണ്ടായിരുന്നത് എതിരാളികള്‍ക്കായിരുന്നു.
2006 ല്‍ വി എസ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഷാജഹാന്‍ പുറത്തായി. അധികാരത്തിന്റെ ഭാഗമാകുന്നതിനെക്കാള്‍ പ്രതിപക്ഷത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതാണ് ഷാജഹാന്റെ മാനസികഘടന. പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിയതിനാണ് ഷാജഹാനെ പാര്‍ട്ടി പുറത്താക്കിയത്. സി.പി.എം പോളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും ചര്‍ച്ചകളും തീരുമാനങ്ങളും പാര്‍ട്ടിയുടെ ഏറ്റവും താഴെയുള്ള ഘടകത്തില്‍ അംഗമായ ഷാജഹാന്‍ ചോര്‍ത്തുന്നതെങ്ങനെ എന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല.പാര്‍ട്ടിയില്‍ നിന്ന് പുറത്തായതുകൊണ്ട് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുന്നയാളല്ല ഷാജഹാന്‍. തുടര്‍ന്നും കേരളത്തിലുണ്ടായ വലുതും ചെറുതുമായ എല്ലാ ജനകീയ പ്രശ്നങ്ങളിലും തന്റേതായ നിലയില്‍ ഷാജഹാന്‍ ഇടപെട്ടു. നിസ്സഹായരായ ഇരകള്‍ക്ക് നിയമസഹായം നല്‍കിയും അഴിമതിക്കെതിരേ വിവരാവകാശ നിയമത്തെ ഫലപ്രദമായി ഉപയോഗിച്ചും പൊതുരംഗത്ത് സജീവമായി തന്നെ ഷാജഹാന്‍ നിലയുറപ്പിച്ചു. ഏറ്റവും അടുത്ത് , ലോ അക്കാഡമി സമരത്തിന് ശരിയായ ദിശാബോധം നല്‍കുന്നതിലും യൂണിവേഴ്‌സിറ്റികോളേജില്‍ എസ്.എഫ്.ഐക്കാര്‍ പെണ്‍കുട്ടികളെ ആക്രമിച്ചപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാനും ഷാജഹാനുണ്ടായിരുന്നു.
ഇപ്പോള്‍, രാഷ്ട്രീയ യജമാനന്മാര്‍ക്കു വേണ്ടി സാമൂഹ്യമാധ്യമങ്ങളിലും സ്വകാര്യ സദസ്സുകളിലും കെ.എം.ഷാജഹാനെ നിസ്സാരവിലയ്ക്ക് വലിച്ചിഴയ്ക്കുന്നവര്‍, പൊതുജീവിതത്തിന് ഷാജഹാന്‍ നല്‍കിയതിന്റെ നൂറിലൊന്ന് സംഭാവന ചെയ്തിട്ടുള്ളവരോ ചെയ്യാന്‍ ത്രാണിയുള്ളവരോ അല്ല. സ്വന്തം കേമത്തങ്ങള്‍ സ്വയം എഴുന്നള്ളിച്ചു നടക്കുകയോ ആരുടെയെങ്കിലും സൗജന്യം കൈപ്പറ്റുകയോ ചെയ്യുന്നയാളല്ല ഷാജഹാന്‍. സ്വന്തം വ്യക്തി ജീവിത്തതില്‍ എല്ലാ ഹീനമായ മതാചാരങ്ങളും പാലിക്കുകയും സ്വന്തം മക്കളെ ജാതിയും ജാതകവും നോക്കി വിവാഹം കഴിച്ച് അയക്കുകയും ചെയ്തിട്ടുള്ളവര്‍ ഈ മനുഷ്യന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കണം. ചങ്ങനാശ്ശേരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതിന് നേതൃത്വം നല്‍കിയ മുഹമ്മദാലിയണ് ഷാജഹാന്റെ പിതാവ്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നണി നേതാവായിരുന്ന അനശ്വര വിപ്ലവകാരി സി.ജി.സദാശിവന്റെ സഹോദരീ പുത്രിയാണ് ഷാജഹാന്റെ മാതാവ്. എന്റെ പിതാവ് മുസ്ലിം സമുദായാംഗവും മാതാവ് ഹിന്ദു സമുദായാംഗവും ഭാര്യ ക്രൈസ്തവവിഭാഗത്തില്‍ പെട്ടവരുമാണ്, ഞാന്‍ മതേതരവാദിയാണെന്നതിന് കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണോ എന്ന് മേനി നടിക്കുന്നയാളല്ല ഷാജഹാന്‍. ഇതൊന്നും ഒരാളോടും പറയുക പോലും ചെയ്യാറില്ല അദ്ദേഹം.
സ്വാശ്രയ കോളേജുകള്‍ക്കെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ ഇരയുടെ ബന്ധുവാകണം എന്ന ന്യായം അംഗീകരിക്കാന്‍ കെ.എം.ഷാജഹാനെ പോലെ ഒരാള്‍ക്ക് എങ്ങനെ കഴിയും? സ്വന്തം വീട്ടിനുള്ളില്‍ രാഷ്ട്രീയം പറയാറില്ല എന്നതില്‍ അഭിമാനം കൊള്ളുന്നവര്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ നേതാക്കന്മാരായി വിരാജിക്കുന്ന നമ്മുടെ നാട്ടില്‍ ഷാജഹാനെ പോലെയുള്ളവര്‍ ഇന്ന് എണ്ണത്തില്‍ കുറവായിരിക്കാം. പക്ഷേ, ഷാജഹാനെയും അത് പോലെയുള്ളവരെയും ജയിലില്‍ പിടിച്ചിട്ട് അത്തരക്കാരുടെ എണ്ണം ഇനിയും കുറയ്ക്കാമെന്നാണ് ഭരിക്കുന്നവരുടെ ധാരണയെങ്കില്‍ അവര്‍ക്ക് തെറ്റി. ജയിലിലടച്ചതുകൊണ്ടും മര്‍ദ്ദനങ്ങള്‍ക്കിരയാക്കിയതുകൊണ്ടും ധീരയായ മനുഷ്യരെയും അവരുടെ ആശയങ്ങളെയും ഇല്ലാതാക്കാന്‍ കഴിയില്ല എന്നത് ചരിത്രത്തിന്റെ ലളിതമായ പാഠങ്ങളിലൊന്നാണ്.
കടപ്പാട് :ടി.കെ.വി