കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് സിപിഎം പ്രവർത്തകന് നേരെ ഇന്നലെ ആക്രമണം ഉണ്ടായി. സി പി എം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കിൽ സ്വദേശി ആദർശിനെയാണ് വെട്ടി പരിക്കേൽപ്പിച്ചത്.
തലയ്ക്കും കൈക്കും പരിക്കേറ്റ ആദർശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദർശിനെ അക്രമിച്ചതിൽ ആർ എസ് എസ് – ബി ജെ പി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ നന്ദകുമാറിന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായി. കണ്ണൂർ കണ്ണപുരത്തെ വീടിന് നേരയായിരുന്നു ബോംബേറ്. വീടിന്റെ ചില്ലുകൾ തകർന്നു. വീട്ടുകാർ വീടിനുള്ളിലായതിനാൽ വൻ ദുരന്തം ഒഴിവായി. ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.
കണ്ണൂർ അഴീക്കോട് ദേശാഭിമാനി ജീവനക്കാരന്റെ വീടിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. സിപിഎം ചക്കരപ്പറ ബ്രാഞ്ചംഗവും ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ പ്രൂഫ് റീഡറുമായ എം സനൂപിന്റെ വീടാണ് ഞാറാഴ്ച പുലർച്ചെ മൂന്നിന് ഒരു സംഘം ആക്രമിച്ചത്.
സനൂപിന്റെ അയൽവാസിയും ചക്കരപ്പറ ബ്രാഞ്ച് അംഗവുമായ കെ നിഷിത്തിന്റെ വീടിനു നേരെയും ആക്രമണം നടന്നിട്ടുണ്ട്. ബൈക്കിൽ എത്തിയ ആക്രമിസംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു. ഇരുവരുടെയും വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപി എം നേതൃത്യം ആരോപിച്ചു. ആക്രമണത്തിൽ വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ, മണ്ടൂക്ക് മോഹനൻ, കുടുവൻ പത്മനാഭൻ എന്നിവർ സ്ഥലം സന്ദർശിച്ചു.