
കൊച്ചി: കൊച്ചി മെട്രോ സോളർ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. ആലുവ സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മെട്രോ സോളർ പവർ പ്ലാന്റിന്റെ ഉദ്ഘാടനമാണ് മാറ്റിവച്ചത്. സ്ഥലം എംഎൽഎയായ അൻവർ സാദത്തിന ചടങ്ങിനു ക്ഷണിക്കാത്തതിനെ തുടർന്നാണ് പരിപാടി മാറ്റിവച്ചതെന്നാണ് സൂചന. സംഭവത്തില്‍ മുഖ്യമന്ത്രി കെഎംആര്‍എല്‍ അധികൃതരെ അതൃപ്തി അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
പരിപാടിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചതായി അന്‍വര്‍ സാദത്ത് നേരത്തേ പറഞ്ഞിരുന്നു. ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജൂൺ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊച്ചിയിലെത്തിയിരുന്നു. പാലാരിവട്ടം മുതൽ ആലുവ വരെ മുഖ്യമന്ത്രി മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്തു. പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി മെട്രോ ജൂൺ 17 നാണ് ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത്.