കുഴല്‍പ്പണ കേസന്വേഷണം സുരേന്ദ്രനിലേക്ക്; സെക്രട്ടറിയെ ശനിയാഴ്ച്ച ചോദ്യം ചെയ്യും

കൊച്ചി : കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ശനിയാഴ്ച്ച ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്താന്‍ അന്വേഷണം സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. ദിപിനെ ചോദ്യം ചെയ്ത ശേഷം കൃത്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം കെ സുരേന്ദ്രനിലേക്കും നീങ്ങുമെന്നാണ് സൂചന. പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയ ധര്‍മ്മരാജനെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഓഫീസ് ജീവനക്കാരന്‍ മിഥുന്‍ ആണ് വിളിച്ചത് എന്നാണ് വിവരം. മിഥുനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദിപിനേയും ചോദ്യം ചെയ്യാനുളള നീക്കം.

കെ സുരേന്ദ്രന്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പത്തനംതിട്ട ജില്ലയിലെ കോന്നിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കോന്നിയില്‍ എത്തി അന്വേഷണ സംഘം വിവരശേഖരണം നടത്തി. കോന്നിയില്‍ കെ സുരേന്ദ്രന്‍ അടക്കം താമസിച്ച ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. ഹോട്ടല്‍ രജിസ്റ്ററിലെ വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിനെ ഉപയോഗിച്ച് കൊടകര കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിയെ കുരുക്കാനുളള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച കെ സുരേന്ദ്രന്‍ സിപിഎമ്മും ഒരു പറ്റം മാധ്യമങ്ങളും ചേര്‍ന്ന് ബിജെപിക്ക് എതിരെ പുകമറ സൃഷ്ടിക്കുകയാണ് എന്നും ആരോപിച്ചു. ഒരു കാര്യവും ഇല്ലാതെയാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് എന്നും അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ ഏതറ്റം വരെയും സഹകരിക്കുമെന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിക്കുന്നതെന്നാണ് വിവരം.

പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരിശോധിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസിന് വിദേശബന്ധമുണ്ടാ എന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുമാണ് ഇഡി അറിയിക്കുന്നത്. പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇഡി അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ് വ്യക്തമാക്കാന്‍ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ അന്വേഷണം ആരംഭിക്കാന്‍ ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ലാകതാന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഇഡിയോട് അന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

കള്ളപ്പണമിടപാടുകള്‍ നടന്നെന്ന് ബോധ്യപ്പെട്ട കൊടകര കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കിലും എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഹര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണെന്നും ആരോപണമുയരുണ്ടെന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിരിക്കുന്നത്.

Top