കൊടനാട് എസ്‌റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതിയും മലയാളിയുമായ സയനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സയന്‍. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനുശേഷമാണ് പൊലീസ് സയനെ അറസ്റ്റ് ചെയ്യുന്നതും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ അവധിക്കാല വസതിയാണ് നീലഗിരി ജില്ലയിലെ കോടനാട് എസ്‌റ്റേറ്റ്. 2017 ഏപ്രില്‍ 24നാണ് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ നേപ്പാള്‍ സ്വദേശി റാം ബഹദൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
പത്തംഗ സംഘം എസ്റ്റേറ്റില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയെന്നാണ് രക്ഷപ്പെട്ട കൃഷ്ണ പൊലീസിന് മൊഴിനല്‍കിയത്. തിരിച്ചറിയാനാകാത്ത പത്ത് പേരാണ് എസ്റ്റേറ്റില്‍ കടന്ന് ആക്രമിച്ചതെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. 900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലാണ് എസ്റ്റേറ്റില്‍ അക്രമം നടക്കുന്നതും.
എസ്റ്റേറ്റിലെ ആക്രമണത്തിന് പിന്നാലെ ഒന്നാം പ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയ കനകരാജ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. കനകരാജ് സഞ്ചരിച്ച ബൈക്ക് കാറുമായി ഇടിച്ചായിരുന്നു മരണം. ഇതിന് പിന്നാലെ രണ്ടാം പ്രതിയായ സയനും വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു.പാലക്കാട് കണ്ണാടിക്കടുത്ത് ദേശീയപാതയില്‍ സയന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് തകര്‍ന്നത്. അപകടത്തില്‍ ഇയാളുടെ ഭാര്യയും മകളും മരിച്ചിരുന്നു.