പാലക്കാട്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നാടകീയ വഴിത്തിരിവ്. നേപ്പാള്‍ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വാഹനങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പെട്ടു. കേസില്‍ പൊലീസ് തിരയുന്ന ഒന്നാംപ്രതി കനകരാജ് സേലത്ത് അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതി കെ വി സായനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാത പാലക്കാട് കണ്ണാടിയിലും അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച രാവിലെ 5.50ന് ഉണ്ടായ അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയ (30), മകള്‍ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്. സയന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടിച്ച കാര്‍ കൊലപാതക ദിവസം എസ്റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഉപയോഗിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
24ന് പുലര്‍ച്ചെയാണ് ജയലളിതയുടെ വേനല്‍കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ റാം ബഹാദൂര്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം അന്നുതന്നെ കൊലപാതക സംഘം, സഞ്ചരിച്ച കാര്‍ സഹിതം ഗൂഡല്ലൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. കനകരാജും ഷൈനുമടക്കമുള്ളവര്‍ കാറിലുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം സംഘത്തെ പൊലീസ് വിട്ടയച്ചു. മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശിയുടെ വാടകക്ക് കൊടുത്ത ഇന്നോവ കാര്‍ മോഷണം പോയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. വാലില്ലാപ്പുഴ സ്വദേശിയായ ജിതിന്‍ ജോയി(19)യാണ് കാര്‍ വാടകക്കെടുത്തത്. അട്ടപ്പാടിയിലെ ഒരു പോളിടെക്നിക്കിലെ റാഗിങ് കേസുമായി ബന്ധപ്പെട്ട് പഠനം ഉപേക്ഷിച്ച ആളാണ് ജിതിന്‍. വാടകക്കെടുത്ത കാര്‍ മോഷ്ടിച്ചതിന് ജിതിനെ ചോദ്യം ചെയ്തപ്പോള്‍ കാര്‍ മറ്റൊരാളുടെ പക്കലിലാണെന്ന് അറിഞ്ഞു. ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് ചുരുളഴിയുന്നത്.
എന്നാല്‍, പാലക്കാട് ഉണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വിനുപ്രിയയും മകള്‍ നീതുവും അപകടത്തിനുമുന്‍പേ മരിച്ചെന്നാണ് സംശയിക്കുന്നത്. ഇരുവരുടെയും കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. സയന്‍ പൊലീസ് കസ്റ്റഡിയിലാണ്. തമിഴ്‌നാട് പൊലീസ് ഇയാളെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടത്. കനകരാജിനും സയനും കേസില്‍ പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതിന് പിന്നാലെയാണ് പ്രതികള്‍ അപകടത്തില്‍പ്പെടുന്നത്. ഒന്നാംപ്രതി കനകരാജിന്റെ മരണം അപകടമാണെന്നും അതല്ല ഏറ്റുമുട്ടലാണെന്നും പറയുന്നു. പക്ഷേ ഔദ്യോഗിക സ്ഥിരീകരണമില്ല. കണ്ണാടിയിലെ വാഹനാപകടം ആത്മഹത്യാശ്രമത്തിന്റെ ഭാഗമായിരുന്നെന്നു സംശയമുണ്ട്. കോയമ്പത്തൂരില്‍ താമസിക്കുന്ന സയന്‍ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് പിന്തുടരുന്നത് മനസിലാക്കി അപകടം വരുത്തിവച്ചെന്നാണ് സംശയിക്കുന്നത്. സയന്‍ ഓടിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ജയലളിതയുടെ കോടനാട്ടെ അവധിക്കാല വസതിയില്‍ പണവും സ്വര്‍ണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസ്തര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തി കവര്‍ച്ചാശ്രമം ഉണ്ടായത്. കോടനാട്ടെ അവധികാല വസതിയുടെ സമീപത്തുളള ചിലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് വിവരം. കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ശേഷം അമൂല്യമായ ചില വസ്തുക്കളും മോഷണം പോയതായി പറയപ്പെടുന്നു. എന്നാല്‍ ജയലളിതയുടെയും തോഴി ശശികലയുടെയും കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുടെ രഹസ്യരേഖകള്‍ മോഷ്ടിക്കാനായി എത്തിയവരായിരുന്നു കാവല്‍ക്കാരനെ കൊലപ്പെടുത്തിയതെന്നും പറയപ്പെടുന്നുണ്ട്.
ഏഴ് പ്രതികളെ തമിഴ്‌നാടിന് കൈമാറി
അതേസമയം കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കുത്തിക്കൊലപ്പെടുത്തി മോഷണത്തിന് ശ്രമിച്ചുവെന്ന കേസില്‍ മഞ്ചേരി സി ഐ കെ എം ബിജു അറസ്റ്റ് ചെയ്ത ഏഴ് പ്രതികളെ ഉന്നതതല അന്വേഷണത്തിനായി തമിഴ്‌നാട് പൊലീസിന് കൈമാറി.വയനാട് വൈത്തിരി പടിഞ്ഞാറെക്കര ജംഷീറലി, സന്തോഷ്, മനോജ്, സുനില്‍, ദീപു, സതീശന്‍ എന്നിവരെയാണ് ഇന്നലെ അരീക്കോട് വെച്ച് കൈമാറിയത്.
കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനായ നേപ്പാള്‍ സ്വദേശി റാം ബഹാദൂര്‍ റാണയാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൃത്യനിര്‍വ്വഹണത്തിനായി ഉപയോഗിച്ചിരുന്നത് അരിക്കോട് വാലില്ലാപ്പുഴ സ്വദേശി ജിതിന്‍ ജോയ് (20)ന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ ആയിരുന്നു. ഏപ്രില്‍ 22ന് കല്ല്യാണത്തിനെന്ന് പറഞ്ഞ് രണ്ടു ദിവസത്തേക്ക് വാടകക്കെടുത്ത കാര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഉടമ അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് കോടനാട് എസ്റ്റേറ്റ് കൊലക്കേസ് പ്രതികളിലേക്ക് എത്തിയത്. മലപ്പുറം ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, മഞ്ചേരി സിഐ കെ എം ബിജു, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ എം സത്യനാഥന്‍, അബ്ദുല്‍ അസീസ്, ശശി കുണ്ടറടക്കാടന്‍, പി ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, സലീം, സജയന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.കൊലപാതക കേസിലെ മുഖ്യ പ്രതി കനകരാജ്, മറ്റൊരു പ്രതി സയന്റെ ഭാര്യയും കുട്ടിയും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെ അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണമാണ് തമിഴ്‌നാട്ടില്‍ നടന്നു വരുന്നത്.