തൃശൂര്‍: ടിപി വധക്കേസിലെ പ്രതികളായ കൊടിസുനിക്കും സംഘത്തിനും ജയിലില്‍ സുഖവാസം. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റുള്ള സ്മാര്‍ട്ട് ഫോണുകള്‍. ജയില്‍ പരിശോധനയില്‍ ഫോണ്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഇതില്‍ നിന്നും വ്യക്തമാണ്.
കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരില്‍നിന്നു വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. ഇന്റര്‍നെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാര്‍ട് ഫോണുകളാണ് പിടിച്ചെടുത്തത്. രണ്ടാഴ്ച മുന്‍പു കൊടി സുനി സെല്ലിനുള്ളില്‍ ഫോണില്‍ സംസാരിക്കുന്നതു ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനു വാര്‍ഡര്‍ക്കെതിരെ ജയില്‍വകുപ്പ് മെമോ അയച്ചിരുന്നു. ഈ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കുന്നതിനിടെയാണ് വീണ്ടും ഫോണ്‍ പിടിച്ചത്.
ഇവ ചാര്‍ജ് ചെയ്യാനുള്ള രണ്ടു പവര്‍ ബാങ്കുകള്‍, ഡേറ്റ കേബിളുകള്‍, മൂന്നു സിം കാര്‍ഡുകള്‍ എന്നിവയും ജയിലറുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡില്‍ പിടിച്ചു. സ്മാര്‍ട് ഫോണില്‍ വ്യാജ ഐഡി സൃഷ്ടിച്ച് ഇവര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായിരുന്നോ എന്ന കാര്യം ജയില്‍ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ടിപി കേസ് കുറ്റവാളികള്‍ ജയിലിനുള്ളില്‍ തുടരുന്ന അരാജകവാഴ്ച വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു ചൊവ്വാഴ്ച രാത്രി ജയിലറുടെ നേതൃത്വത്തിലുള്ള സംഘം സെല്‍ റെയ്ഡ് ചെയ്തത്. മുഖ്യപ്രതി കൊടി സുനിയുടെയും അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയുടെയും സെല്ലിനുള്ളില്‍ കണ്ട കാഴ്ച ജീവനക്കാരെ അമ്പരപ്പിച്ചു.
ഫോണ്‍ ഒളിപ്പിച്ചു വയ്ക്കുന്നതിനു പകരം പവര്‍ ബാങ്കുമായി ബന്ധിപ്പിച്ചു പരസ്യമായി ചാര്‍ജ് ചെയ്യാനിട്ട നിലയിലായിരുന്നു സുനിയുടെ ഫോണ്‍. മുഹമ്മദ് ഷാഫിയുടെ ഫോണ്‍ സെല്ലിനുള്ളില്‍ അലസമായി കിടക്കുന്ന അവസ്ഥയിലും. വിശദമായ തിരച്ചിലില്‍ രണ്ടു പവര്‍ ബാങ്കുകളും രണ്ടു ഡേറ്റ കേബിളുകളും മൂന്നു സിം കാര്‍ഡുകളും പിടിച്ചെടുത്തു. ജയിലിനുള്ളില്‍നിന്നു ഫോണ്‍ പിടികൂടിയ സംഭവം ആദ്യത്തേതല്ലെങ്കിലും ഡേറ്റ കേബിള്‍ പിടിക്കപ്പെട്ടത് അത്യപൂര്‍വമാണെന്നാണു ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.
സാധാരണഗതിയില്‍ മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കാനും ഫയലുകള്‍ കൈമാറ്റം ചെയ്യാനുമാണു ഡേറ്റ കേബിളുകള്‍ ഉപയോഗിക്കുന്നത്. ഇവ കൊടി സുനിയുടെയും ഷാഫിയുടെയും സെല്ലുകളില്‍ എങ്ങനെ എത്തി എന്നതിനേക്കാള്‍ ഇവര്‍ എന്തിന് ഉപയോഗിച്ചു എന്നതാണ് ജീവനക്കാരെ അലട്ടുന്ന ചോദ്യം. വിഡിയോ അടക്കമുള്ള ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ ഡേറ്റ കേബിളുകള്‍ വ്യാപകമായി ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നു പറയുന്നു. ഫോണിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. രഹസ്യ പാസ്വേഡ് ഉപയോഗിച്ചു സംരക്ഷിച്ചാണ് ഇരുവരും ഫോണ്‍ ഉപയോഗിച്ചിരുന്നത്.
രണ്ടു വര്‍ഷം മുന്‍പു കോഴിക്കോട് ജില്ലാ ജയിലില്‍ ഷാഫി സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചതു കയ്യോടെ പിടിക്കപ്പെട്ടിരുന്നു. ടിപി കേസ് പ്രതികള്‍ ഒന്നിച്ചെടുത്ത സെല്‍ഫി ജയിലിനുള്ളില്‍നിന്നുതന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണു വിവാദത്തിനിടയാക്കിയത്. ഷാഫി പതിവായി സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണു ജയില്‍ അധികൃതരില്‍നിന്നു ലഭിക്കുന്ന സൂചന. ഇവര്‍ക്കു ഫോണിന്റെ ബാറ്ററി ചാര്‍ജ് ചെയ്തു നല്‍കാന്‍ ചില ജീവനക്കാര്‍ പണം വാങ്ങുന്നുണ്ടെന്നു നേരത്തെ വ്യക്തമായിരുന്നു. ദിവസവും ബാറ്ററി ചാര്‍ജ് ചെയ്ത് എത്തിക്കാനുള്ള ബുദ്ധിമുട്ടുമൂലം പവര്‍ ബാങ്ക് വാങ്ങി നല്‍കിയെന്നാണു സൂചന.