അമൃതാനന്ദമയിക്കെതിരായ പരാമര്‍ശത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയാണ് കോടിയേരിയുടേതെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. പരാമര്‍ശം അംഗീകരിക്കാനാകാത്തതതെന്ന് വിലയിരുത്തിയ കൊടിക്കുന്നില്‍ സുരേഷ് കോടിയേരി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.
പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടോയോ എന്ന പരാമര്‍ശത്തിന് എതിരെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. ഇന്നലെയാണ് ശബരിമല സമരത്തില്‍ കര്‍മ്മ സമിതി പ്രക്ഷോഭത്തിന് നല്‍കുന്ന പിന്തുണയില്‍ അമൃതാനന്ദമയിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ അമൃതാനന്ദമയി പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണ്. പലമേഖലകളില്‍ നിന്നുള്ളവര്‍ അമൃതാനന്ദമയിയെ കാണാനെത്തുന്നുണ്ട്. അതില്‍ പല പ്രായക്കാരായ സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കാനെന്ന പേരിലാണ് കര്‍മ്മ സമിതി പ്രക്ഷോഭം നടത്തുന്നത്. പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടോയോ എന്നും കോടിയേരി ചോദിച്ചിരുന്നു.