കാസര്‍കോട് ഇരട്ട കൊലപാതകക്കേസില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് പറഞ്ഞതായിരിക്കുമെന്നും കേസില്‍ പെട്ടതിന്റെ വിഷമത്തില്‍ ആയിരിക്കും ഇങ്ങനെ പറഞ്ഞതെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു തീരുമാനം ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ഇത് പാര്‍ട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും. ചെയ്യുന്ന ആള്‍ വിചാരിക്കുന്നത് താനാണ് പാര്‍ട്ടി എന്നാണ്. അവരല്ല പാര്‍ട്ടി.
പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം അവിടുത്തെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. പീതാംബരന്റെ കുടുംബത്തിന് പാര്‍ട്ടി തീരുമാനപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ധാരണയുണ്ടായിട്ടുണ്ടാകാം. എന്നാല്‍ ആ ധാരണയുണ്ടായതില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. പീതാംബരന്‍ കൊലക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ വീട്ടുകാര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടാകും. അതില്‍നിന്നുണ്ടാകുന്ന ഒരു അഭിപ്രായപ്രകടനം എന്നല്ലാതെ അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പീതാംബരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും ഭാര്യ മഞ്ജു പ്രതികരിച്ചിരുന്നു. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്നാണ് പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും ആരോപിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
പീതാംബരന്‍ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോള്‍ ഒരാളും വന്നിട്ടില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാര്‍ട്ടി പുറത്താക്കി. നേരത്തെ പ്രദേശത്ത് ഉണ്ടായ അക്രമങ്ങളില്‍ പീതാംബരന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകള്‍ ദേവിക കുറ്റപ്പെടുത്തി. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ ഒരാളുടെ പേരില്‍ മാത്രം കുറ്റം ആക്കിയിട്ട് പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും പീതാംബരന്റെ മകള്‍ ദേവിക പറഞ്ഞു.