മോദി കള്ളന്‍; മോദി ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:നരേന്ദ്ര മോദിയ്ക്കെതിരെ തുറന്നടിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ജനവഞ്ചനയും കൊള്ളയും അഴിമതിയുമാണ് മോദിയുടെ കൈമുതല്‍. രാജ്യത്ത് മോദി ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മോദി ഈ നാട്ടിലെ കൊള്ളക്കാരനാണെന്ന് റാഫേല്‍ വിമാന അഴിമതിയിലൂടെ എല്ലാവര്‍ക്കും വ്യക്തമായി. ബൊഫോഴ്‌സ് കുംഭകോണമുണ്ടായപ്പോള്‍ ‘ഗലീഗലീമേം ചോര്‍ഹെ, രാജീവ് ഗാന്ധി ചോര്‍ ഹെ’ എന്നായിരുന്നു രാജ്യം വിളിച്ചുപറഞ്ഞതെങ്കില്‍ ഇപ്പോള്‍ ഇന്ത്യയില്‍ മുഴങ്ങുന്നത് ‘നരേന്ദ്രമോദി ചോര്‍ ഹെ’ എന്നാണ്. ഈ ഭരണത്തില്‍ അദാനിക്കും അംബാനിക്കും കോര്‍പറേറ്റുകള്‍ക്കുമാണ് നേട്ടം. ഇത്തരം ദുര്‍ഭരണം സാധാരണ ബി ജെ പിക്കാര്‍ പോലും ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ബി ജെ പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അവര്‍ ദിനംപ്രതി തെളിയിക്കുകയാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ജനപക്ഷ ബദല്‍ രൂപപ്പെടണം. അതിന് സിപിഐ എമ്മും ഇടതുപക്ഷവുമാണ് നേതൃത്വം നല്‍കേണ്ടത്. ഇതിലേക്കായി അടുത്ത തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശക്തിയായി കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്റ് സീറ്റിലും ഇടതുപക്ഷ വിജയമുറപ്പിച്ച് മലയാളികള്‍ മാതൃകയാകണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനവഞ്ചനയും കൊള്ളയും അഴിമതിയും കൈമുതലാക്കിയ മോഡി ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു. നരേന്ദ്രമോഡി ഈ നാട്ടിലെ കൊള്ളക്കാരനാണെന്ന് റഫേല്‍ വിമാന അഴിമതിയിലൂടെ വ്യക്തമായി.
റഫേല്‍ വിമാന അഴിമതി ഇന്ത്യയെ ഞെട്ടിച്ചിരിക്കയാണ്. ഫ്രാന്‍സില്‍നിന്ന് നേരത്തേ 126 വിമാനങ്ങള്‍ വാങ്ങാന്‍ നിശ്ചയിച്ച റഫേല്‍ കരാറിനെ മോഡി 36 വിമാനമാക്കി പരിഷ്‌കരിച്ചു. 126 വിമാനം വാങ്ങുന്നതിനേക്കാള്‍ സംഖ്യ ഉയര്‍ത്തി 36 വിമാനം വാങ്ങാന്‍ നിശ്ചയിച്ചതിന്റെ യുക്തി അഴിമതിയല്ലാതെ മറ്റെന്താണ്? 59,000 കോടിയുടെ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയതോടെ 30,000 കോടി റിലയന്‍സിന് കിട്ടി. അനില്‍ അംബാനിക്ക് ബിസിനസില്‍ സംഭവിച്ച നഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഈ ഇടപാടിലൂടെ സഹായമായി മാറുകയായിരുന്നു മോഡി. പതിനായിരക്കണക്കിന് കര്‍ഷകര്‍ ജീവിക്കാന്‍ പാങ്ങില്ലാതെ ആത്മഹത്യ ചെയ്യുമ്പോഴാണ് റിലയന്‍സ് മുതലാളിക്ക് വേണ്ടി അഴിമതിയിലൂടെ ഈ സഹായം നല്‍കിയത് എന്നത് നാം മനസിലാക്കണം. ഈ അഴിമതിയുടെ പങ്കാളി കേന്ദ്ര സര്‍ക്കാരാണ്. ബൊഫോഴ്സ് കുംഭകോണമുണ്ടായപ്പോള്‍ ‘ഗലീഗലീമേം ചോര്‍ഹെ, രാജീവ് ഗാന്ധി ചോര്‍ ഹെ’ എന്നായിരുന്നു രാജ്യം വിളിച്ചുപറഞ്ഞതെങ്കില്‍ ഇപ്പോള്‍ ഇന്ത്യയില്‍ മുഴങ്ങുന്നത് ‘നരേന്ദ്രമോഡി ചോര്‍ ഹെ’ എന്ന ജനരോഷമാണ്.

മോഡി ഭരണത്തില്‍ അദാനിക്കും അംബാനിക്കും കോര്‍പറേറ്റുകള്‍ക്കുമാണ് നേട്ടം. പെട്രോളിയം കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം നല്‍കി ദിവസംതോറും വില വര്‍ധിപ്പിക്കുന്നു. അതിന്റെ വിഹിതം പറ്റി തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുകയാണ് ആര്‍ എസ് എസ്. കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതും ആര്‍ എസ് എസ് ഫണ്ട് സമാഹരത്തിനാണ്. ഇത്തരം ദുര്‍ഭരണം സാധാരണ ബി ജെ പിക്കാര്‍ പോലും ആഗ്രഹിച്ചിട്ടില്ല. ഈ ഭരണത്തില്‍ പൊറുതിമുട്ടിയാണ് വിദ്യാര്‍ഥികളും തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും പ്രക്ഷോഭം നടത്തുന്നത്. ഈ ജനവികാരം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അലയടിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ട് നേടിയിട്ടും ബി ജെ പി ഭരിക്കുന്നു. ആ സ്ഥിതി ഉണ്ടാകാതിരിക്കാന്‍ അനുഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണം.

ബി ജെ പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അവര്‍ ദിനംപ്രതി തെളിയിക്കുന്നു. കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ന്നു. സംഘടനാപരമായും രാഷ്ട്രീയമായും ദുര്‍ബലമായ കോണ്‍ഗ്രസ് ഉദാരവല്‍ക്കരണ നയം ഉപേക്ഷിച്ചിട്ടില്ല. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ജനപക്ഷ ബദല്‍ രൂപപ്പെടണം. അതിന് സിപിഐ എമ്മും ഇടതുപക്ഷവുമാണ് നേതൃത്വം നല്‍കേണ്ടത്. 2004ല്‍ മതേതര ശക്തികള്‍ ഒന്നിച്ചുനിന്നതിനാല്‍ ബി ജെ പി ഭരണത്തെ താഴെയിറക്കാനായി. ആ സ്ഥിതി 2019ലെ തെരഞ്ഞെടുപ്പിലും ഉണ്ടാവണം. 2004ല്‍ 63 സീറ്റാണ് ഇടതുപക്ഷം നേടിയതെങ്കില്‍ കൂടുതല്‍ സീറ്റ് ഇക്കുറി നേടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ശേഷി വര്‍ധിപ്പിക്കണം. ഇടതുപക്ഷം ദുര്‍ബലമായ സംസ്ഥാനങ്ങളിലും സ്വന്തം ശേഷി പ്രയോജനപ്പെടുത്തി ബി ജെ പിയെ പരാജയപ്പെടുത്തണം. ജനാധിപത്യ, മതനിരപേക്ഷ ശക്തികളെ യോജിപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശക്തിയായി കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്റ് സീറ്റിലും ഇടതുപക്ഷ വിജയമുറപ്പിച്ച് മലയാളികള്‍ മാതൃകയാകണം.

Top