കോട്ടയം: കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമുണ്ടാക്കാന്‍ ഇയാള്‍ ഇടപെട്ടു. എ.എസ്.ഐ തട്ടിപ്പു സംഘത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചു. ഇത്തരക്കാരെ സര്‍വീസില്‍ നിന്നും പുറത്താക്കി മാതൃക കാണിക്കണം. യു.ഡി.എഫ് ഭരണകാലത്ത് പൊലീസ് അസോസിയേഷന്റെ നേതാവായിരുന്നു ഇയാളെന്നും കോടിയേരി ആരോപിച്ചു. ഭരണം മാറിയെന്ന് മനസിലാക്കാത്ത ചിലരെങ്കിലും ഇപ്പോഴും പൊലീസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തക പത്രങ്ങളും മാദ്ധ്യമങ്ങളും കേസ് രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കേസിലേക്ക് മനപ്പൂര്‍വം വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. മാധ്യമ ജഡ്ജിമാരല്ല വിധികര്‍ത്താകളെന്നതിന്റെ താക്കീതാണ് ചെങ്ങന്നൂര്‍ വിജയം. അത് മാധ്യമ ജഡ്ജിമാര്‍ക്കും പാഠമാകണം. കെവിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ സര്‍ക്കാര്‍ പിന്തുണക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.