മുംബൈ: പീഡന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന സി.പി.എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി രണ്ട് വർഷത്തേക്ക് നീട്ടി. 2021 ജൂൺ മാസത്തേക്കാണ് ഹർജി മാറ്റി വച്ചത്. ഡിവിഷൻ ബെഞ്ചിന്റെ മുമ്പാകെയുള്ള ഹർജി മുൻഗണനക്രമമനുസരിച്ച് ലിസ്റ്റ് ചെയ്തപ്പോഴാണ് പുതിയ തീയതി ലഭിച്ചത്. ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് ഹർജി നീളാനുള്ള കാരണം.
കലീനയിലെ ഫോറൻസിക് ലാബിൽ നിന്നും ഡിഎൻഎ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഓഷിവാര പൊലീസ് അറിയിച്ചു. ക്രമമനുസരിച്ച് ബിനോയിയുടെ രക്തസാംപിൾ പരിശോധനയ്ക്ക് എടുത്തിട്ടില്ലെന്നാണ് ഫൊറൻസിക് ലാബ് അനൗദ്യോഗികമായി നൽകുന്ന വിശദീകരണം.എന്നാൽ ഡിഎൻഎ പരിശോധനാ ഫലം വരുന്നമുറയ്ക്ക് അഭിഭാഷകർക്ക് ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാകും. അതേസമയം യുവതിയുടെ പീഡന പരാതിയിൽ ബിനോയിക്കെതിരെയെടുത്ത മാനഭംഗക്കേസ് അന്ധേരി മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2021ലാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പ്രതിയായിരിക്കുന്ന കേസ് ഏതെങ്കിലും രീതിയില്‍ ദോഷം ചെയ്യുമോ എന്നാണ് കണ്ടറിയേണ്ടത്. നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ ഡിഎന്‍എ പരിശോധന നടക്കാനുണ്ടെന്നും അതിനാല്‍ ബിനോയ് കോടിയേരിയുടെ കേസിലെ ഫലം ലഭിക്കാന്‍ താമസമുണ്ടാകുമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.
ബീഹാര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് മുംബൈ ഓഷിവാര പോലീസ് ബിനോയ്‌ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാര്‍ ഡാന്‍സറായ തന്നെ ദുബൈയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.തന്റെ കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നും രണ്ടാള്‍ക്കും ചിലവിനുള്ള പണം നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ദുബൈയില്‍ നിന്നും തന്നെയും കുട്ടിയേയും മുംബൈയില്‍ എത്തിച്ച് ബിനോയ് ആണ് സംരക്ഷിച്ചിരുന്നത് എന്നും യുവതി പറയുന്നു. അതേസമയം ഈ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ബോംബെ ഹൈക്കോടതിയില്‍ സമീപിക്കുകയായിരുന്നു.