കോവിഡ് കാലത്ത് എസ്എംഎസ് മറക്കല്ലേ എന്ന ഓർമ്മപ്പെടുത്തലുമായി എറണാകുളത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കളക്ടർ സുഹാസ്; കർണാടക സ്വദേശിയായ സുഹാസ് മലയാളിയായി മാറിയത് 2013 ൽ എറണാകുളത്ത് എത്തിയശേഷം

സ്വന്തം ലേഖകൻ

കൊച്ചി; എറണാകുളം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്ന കളക്ടർ സുഹാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം കോവിഡ് കാലത്ത് എസ്എംഎസ് എല്ലാവരും പാലിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നുമുണ്ട്. കർണാടക സ്വദേശിയായ ഞാൻ 2013 ൽ അസി. കളക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗിക ജീവിതം തുടങ്ങിയപ്പോഴാണ് മലയാളിയായി മാറിയത് എന്ന വാചകത്തോടെയാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ ഒട്ടനവധിപ്പേരാണ് ഷെയർ ചെയതത്. വിദ്യർത്ഥികടക്കം ഒരുപാട് പേർ അദ്ദേഹത്തിന് ആശംസ നേർന്നുകെണ്ട് രംഗത്തെത്തുന്നുണ്ട്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയപ്പെട്ടവരെ ,
കർണാടക സ്വദേശിയായ ഞാൻ മലയാളി ആയി മാറിയത് 2013ൽ അസിസ്റ്റന്റ് കളക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗികജീവിതം ആരംഭിച്ചപ്പോളാണ് . അന്നുമുതൽ എറണാകുളത്തോടുള്ള എന്റെ സ്നേഹത്തിന്റെ പ്രതിഫലനം എന്നോണം ഞാൻ ഇവിടെത്തന്നെ സബ് കളക്ടർ ആയി, അതിനു ശേഷം കുറച്ചു നാൾ തിരുവന്തപുരത്തു പല വകുപ്പുകളിലായി ജോലി ചെയ്ത ശേഷം ജില്ലാ കളക്ടർ ആയി വയനാട്ടിലും ആലപ്പുഴയിലും ഓരോ വർഷം, വീണ്ടും നിയോഗം പോലെ എറണാകുളത്തേക്കു നിങ്ങളുടെ കളക്ടർ ആയി. കഴിഞ്ഞ കാലങ്ങളിൽ ഒക്കെയും നിങ്ങളെ സേവിക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയായി ഞാൻ കരുതുന്നു.

തിരക്കുകൾ മൂലം മറുപടികൾ പലപ്പോഴും അയക്കുവാൻ സാധിച്ചില്ലെങ്കിലും നിങ്ങൾ മുഖപുസ്തകത്തിലൂടെ അറിയിച്ച – ശ്രദ്ധയിൽ പെടുത്തിയ കാര്യങ്ങളിൽ പരിഹാരം കാണുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് .
വയനാട്ടുകാർ നൽകിയ സ്നേഹത്തിന്റെ പരിലാളനയിൽ നിന്നും തിരക്കിട്ട 2018 വെള്ളപ്പൊക്കം നേരിടാൻ തുടങ്ങിയ ആലപ്പുഴയുടെ ദിവസങ്ങളിലേക്കു പെട്ടന്നാണ് ചുമതല എടുത്തു മാറിയതും ദിവസങ്ങൾ കൊണ്ട് ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാൻ സാധിച്ചതും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു . വയനാട്ടിൽ നിന്നും ആലപ്പുഴയിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും സ്നേഹവുമായി എറണാകുളത്തു 2019 ജൂൺ 20നു ചുമതല ഏറ്റെടുത്തപ്പോൾ മുതൽ നിങ്ങൾ നൽകിയ സ്നേഹവും , അർപ്പിച്ച വിശ്വാസവും പൂർണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് .

ബഹു . സർക്കാർ എന്നിൽ വിശ്വാസം ഏല്പിച്ചു നൽകിയ ചുമതല പൂർണമനസോടെ ഉത്തരവാദിത്വത്തോടെയും വിശ്വാസത്തോടെയും ഇന്ന് വരെ ചെയ്തിട്ടുണ്ട് , അത് നാളെയും തുടരും.
എന്റെ പ്രവർത്തനങ്ങളുടെ വിജയം എന്റെ മാത്രം വിജയമായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല , മറിച്ചു തോളോട് തോൾ ചേർന്ന് എന്റെ ഒപ്പം പ്രവർത്തിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും
കക്ഷി രാഷ്രീയഭേദമില്ലാതെ പ്രവർത്തിച്ച ജനപ്രതിനിധികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ – നന്ദി .

എന്റെ പിൻഗാമി ആയി ഇന്ന് ചുമതല ഏൽക്കുന്ന ശ്രീ. ജാഫർ മാലിക്കിനും തുടർന്നും എല്ലാ പിന്തുണയും നൽകണമേയെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും മറുപടിയായി രണ്ടു വാക്കു മാത്രം ‘നന്ദി ‘ ‘ സ്നേഹം ‘.
ഇതൊക്കെയാണെങ്കിലും ഒരു കാര്യം മറക്കേണ്ടാ…കൊറോണയിൽ നിന്നും നാട് പൂർണമായി മുക്തമാകുന്നതുവരെ ,ജാഗ്രത തുടരുക.

നിങ്ങളുടെ സ്വന്തം
സുഹാസ്

Top