കൊല്‍ക്കത്ത: പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ റാലി. 20 ലേറെ ദേശീയ നേതാക്കളാണ് റാലിക്ക് എത്തിയിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൌഡ, ബിജെപിയില്‍ നിന്ന് വിട്ടുപോന്ന മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ, അരുണ്‍ ഷൗരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം റാലിയുടെ ഭാഗമായി.
എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍ എന്നിവരാണ് മമതയോടൊപ്പം വേദിയിലുള്ളത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ റാലിക്ക് എത്തിയിട്ടില്ല. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് മനു സിങ്വി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
ബിജു ജനതാദള്ളിന്റെയും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികളുടെയും നേതാക്കള്‍ ഒഴികെ പ്രതിപക്ഷത്തുള്ള പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെല്ലാം യോഗത്തിന് എത്തിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത്. 10,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നിയോഗിച്ചിട്ടുള്ളത്.
അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോഴും കോഴ വാങ്ങില്ലെന്നും വാങ്ങാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറയുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍, എല്ലാം അംബാനിക്കും അദാനിക്കും നല്‍കുകയാണെന്നും അദ്ദേഹം കൊല്‍ക്കത്ത റാലിക്കിടെ ആരോപിച്ചു. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വാദ്ഗാനം. എന്നാല്‍, രാജ്യത്തെ തൊഴിലവസരങ്ങളെല്ലാം ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
മോദിയെയും അമിത് ഷായെയും രാജ്യത്തുനിന്ന് ഓടിക്കണമെന്ന് കെജ്രിവാള്‍ പറഞ്ഞു. യഥാര്‍ഥ രാജ്യസ്നേഹികള്‍ അമിത് ഷായെയും നരേന്ദ്രമോദിയെയും രാജ്യത്തുനിന്ന് ഓടിക്കണം. മോദി ഭരണത്തിലെത്തിയാല്‍ രാജ്യം 53 വര്‍ഷം പിന്നോട്ടുപോകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. മോദിയും അമിത് ഷായും പശ്ചിമ ബംഗാളിലെത്താന്‍ ഭയക്കുന്നു. മോദി സര്‍ക്കാരിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാല്‍പത് ലക്ഷം പേര്‍ റാലിക്കെത്തിയിട്ടുണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവകാശവാദം. 10,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ മോദിയെ മാറ്റുന്നതിനൊപ്പം മമതയുടെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കുന്ന ഒന്നായാണ് റാലിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുന്നുന്നത്. മോദിയെ അധികാരത്തില്‍ നിന്ന് മാറ്റുനിര്‍ത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് തര്‍ക്കമില്ലെന്നുമാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്.