കൊല്ലം: നഗരമധ്യത്തില്‍ അര്‍ദ്ധരാത്രി ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തില്‍ സിയാദി(32)നെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി ചിന്നക്കടയില്‍വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി സിയാദിന് അടുപ്പമുണ്ടായിരുന്നു. അവിവാഹിതനായ സിയാദിന്റെ അടുപ്പമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചനകള്‍. സിയാദും സ്ത്രീയുമായുള്ള ബന്ധം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ത്രീയും ഭര്‍ത്താവും ഇരവിപുരത്തേക്ക് താമസംമാറി. ഇതിനിടെ സിയാദിനൊപ്പം സ്ത്രീ രണ്ടാഴ്ചയോളം താമസിച്ചു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീയെ തിരികെക്കൊണ്ടുവന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കി. എന്നിട്ടും അടുപ്പം പുലര്‍ത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളും ഇവര്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് സിയാദിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. സ്ത്രീയുടെ മാതൃസഹോദരന്‍ ഉള്‍പ്പെടെ പത്തുപേരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിലെ ഐ.എന്‍.ടി.യു.സി. ഓട്ടോ ഡ്രൈവേഴ്സ് യൂണിയനില്‍ അംഗമായിരുന്നു സിയാദ്.
ബീച്ച് റോഡില്‍നിന്ന് ചിന്നക്കടഭാഗത്തേക്ക് വരികയായിരുന്ന സിയാദിന്റെ ഓട്ടോയെ ആഡംബര ബൈക്കില്‍ എത്തിയ രണ്ടുപേര്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്ക് തന്നെയാണ് മഹാറാണി മാര്‍ക്കറ്റില്‍ സിയാദിന്റെ ഓട്ടോയ്ക്ക് സമീപത്തുനിന്ന് പോയതെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തത്.
അവിഹിതബന്ധവുമായി ബന്ധപ്പെട്ട് ഒരുമാസത്തിനുള്ളില്‍ നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ജയിലിലായ ഗുണ്ടാത്തലവന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന് കിളികൊല്ലൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട്ടില്‍ കുഴിച്ചുമൂടിയ സംഭവം അടുത്തിടെയുണ്ടായി.