ക്ഷേത്രവളപ്പിലിരുന്ന് ഫോണിൽ ഓൺലൈൻ ക്ലാസ് കണ്ടുകൊണ്ടിരുന്ന വിദ്യാർതഥികളെ പൊലീസ് മർദ്ദിച്ച സംഭവം ;സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു: കുട്ടികളെ തല്ലിയിട്ടില്ലെന്ന പൊലീസ് വിശദീകരണം തൃപ്തികരമല്ലെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം :കാട്ടാക്കടയിൽ ക്ഷേത്രവളപ്പിലിരുന്ന് ഫോണിലൂടെ ഓൺലൈൻ ക്ലാസ് കാണുകയായിരുന്ന വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ പൊലീസിനെതിരെ സ്വമേധയാ കേസെടുത്തു. പ്ലസ് വൺ വിദ്യാർഥികളെയാണ് സാമൂഹിക വിരുദ്ധരെന്ന് ആരോപിച്ചാണ് പൊലീസ് മർദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിൽ ഡി.ജി.പിയോടും ജില്ല പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടി നോട്ടീസ് നൽകിയതായി കമീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ പറഞ്ഞു. പൊലീസ് മർദ്ദനത്തെ തുടർന്ന് കുട്ടികളുടെ ശരീരത്തിൽ അടിയുടെ പാടുകളുണ്ട്. എന്നാൽ കുട്ടികളെ തല്ലിയിട്ടില്ലെന്ന പൊലീസ് വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുതെങ്ങിൻമൂട് യോഗീശ്വരസ്വാമി ക്ഷേത്രത്തിൽ വച്ചാണ് സംഭവം ഉണ്ടായത്. എന്നാൽ സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് ദേവസ്വം ജീവനക്കാർ രംഗത്ത് എത്തിയിട്ടുണ്ട്.

ക്ഷേത്രപരിസരത്ത് സമൂഹികവിരുദ്ധ ശല്യം ഉണ്ടായിരുന്നതായി 2020 ഡിസംബറിൽ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നതായി സബ്ഗ്രൂപ് ഓഫിസർ പറഞ്ഞു. പരാതി അനുസരിച്ച് കഴിഞ്ഞ ശനിയാഴ്ചയും ഇവിടെ പൊലീസ് എത്തിയിരുന്നു. എന്നാൽ, ആരെയും പിടികൂടാനായിരുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ, സമൂഹിക വിരുദ്ധരായി ചിത്രീകരിച്ച് കുട്ടികളെ കേസിൽ കുരുക്കാൻ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപമുണ്ട്.

ക്രിമിനലുകളോടുപോലും കാട്ടാത്ത ക്രൂരതയാണ് പൊലീസ് കുട്ടികളോട് കാട്ടിയതെന്നും ഇവരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

അകാരണമായി കുട്ടികളെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു

Top