പാരിപ്പള്ളി: ഇന്നലെ അക്ഷയ സെന്ററില്‍ വച്ച് യുവതിയെ ഭര്‍ത്താവ് കൊലപൊടുത്തിയ വാര്‍ത്ത നാട് കേട്ടത് നടുക്കത്തോടെയാണ്. അക്ഷയ സെന്ററിലെ ജീവനക്കാര്‍ നിലവിളിച്ചു റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കടകള്‍ തുറന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. സമീപത്ത് ഉണ്ടായിരുന്നവര്‍ ഓടി വന്നെങ്കിലും റഹീം കത്തി വീശി റോഡിലേക്ക് ഇറങ്ങി.വെള്ളം ഒഴിച്ചു തീ കെടുത്തിയ ശേഷം നദീറയെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിലെ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു.
മഴക്കോട്ട് ഉപയോഗിച്ചു മുഖം മറച്ചെത്തിയ റഹീമിനെ മറ്റു ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ല.നദീറ ആധാര്‍ എന്റോള്‍മെന്റ് മുറിയിലായിരുന്നു. കുപ്പിയില്‍ കരുതിയിരുന്ന മണ്ണെണ്ണ നദീറയുടെ തലയിലൂടെ ഒഴിച്ചു തീ കൊളുത്തി. ഒഴിക്കുന്നതിനിടെ റഹീമിന്റെ ദേഹത്തും മണ്ണെണ്ണ വീണതിനാല്‍ നെഞ്ചിലും വയറിന്റെ ഭാഗത്തും പൊള്ളലേറ്റു. റഹീം പരവൂര്‍ പാരിപ്പള്ളി റോഡില്‍ ഇറങ്ങി സ്‌കൂട്ടറിനു സമീപത്തേക്ക് നീങ്ങി. എന്നാല്‍ കുടുതല്‍ ആളുകള്‍ ഓടി വരുന്നത് കണ്ട് ഇടവഴിയിലൂടെ ഓടി മതില്‍ ചാടി മറഞ്ഞു. ഇതിനിടെ ആളുകള്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. അക്ഷയ സെന്ററിന് ഏതാനും മീറ്റര്‍ അകലെ സ്‌കൂട്ടര്‍ വച്ചാണ് പ്രതി എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു പാരിപ്പള്ളി പൊലീസ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. നദീറയെ തീകൊളുത്തി കൊലപ്പെടുത്തിയതിനും റഹീം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്തതിനും പ്രത്യേകം കേസ് എടുത്തു.