കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ(എംസിഐ) സസ്പെൻഡ് ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയന വിഭാഗത്തിന്റെയും അഭാവങ്ങൾ പരിഗണിച്ചാണ് എംസിഐ നടപടിയെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് എംസിഐ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജൂലൈ 26, 27 തിയതികളിൽ മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ വിദഗ്ധ സംഘം കോട്ടയം മെഡിക്കൽ കോളജിൽ പരിശോധന നടത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു എംസിഐ നടപടി. കേരള സർവകലാശാലയുടെ ഹെൽത്ത് സയൻസ് വിഭാഗത്തിൽ എംബിബിഎസ് കോഴ്സിന് നൽകിയിരുന്ന അനുമതി തുടരാൻ എംസിഐ എക്സിക്യുട്ടിവ് കമ്മിറ്റി നിർദേശിക്കില്ല. ഒരു മാസത്തിനുള്ളിൽ പോരായ്മകളും അഭാവങ്ങളും ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിനോടു നിർദേശിക്കുന്നു- പ്രിൻസിപ്പലിനു കൈമാറിയ എംസിഐ ഉത്തരവിൽ പറയുന്നു. അതേസമയം, കോഴ്സിന്റെ അനുമതി റദ്ദു ചെയ്തതു സാങ്കേതിക പിഴവാണെന്നാണു ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പറയുന്നത്. വിശദീകരണ റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം എംസിഐ തീരുമാനം പുനഃപരിശോധിക്കുമെന്നാണു കരതുതുന്നത്. മാത്രമല്ല, റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള അസൗകര്യങ്ങൾ സർക്കാർ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും- രാജീവ് സദാനന്ദൻ പറഞ്ഞു. നിലവിൽ 150 എംബിബിഎസ് സീറ്റുകളാണു കോട്ടയം മെഡിക്കൽ കോളജിനുള്ളത്. കോളജിന്റെ വിശദീകരണം മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ തള്ളിയാൽ 50 സീറ്റുകൾ കോളജിനു നഷ്ടപ്പെടും. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട ശേഷം എംസിഐ ടീം വീണ്ടും പരിശോധനയ്ക്കെത്തുന്നുണ്ട്. ഇതിനുശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.
കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അംഗീകാരം റദ്ദാക്കി
Tags: kottayam medical college