രോഗികളെ ഊറ്റിപ്പിഴിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരി: ശസ്ത്രക്രിയക്കായി രോഗികളെക്കൊണ്ടു മരുന്നു വാങ്ങിപ്പിച്ച ശേഷം മരുന്ന് മറിച്ചു വിൽക്കുന്നു; തട്ടിപ്പ് പിടിച്ചത് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തന്നെ; നിർണ്ണായക ഇടപെടൽ നടത്തിയത് ആർ.എം.ഒ

കോട്ടയം: രോഗികളെ ഊറ്റിപ്പിഴിഞ്ഞ് സ്വന്തം പോക്കറ്റ് വീർപ്പിയ്ക്കാൻ ശ്രമിക്കുന്ന മെഡിക്കൽ കോളേജ് ജീവനക്കാരിയെ കുടുക്കിയത് ആശുപത്രി അധികൃതരുടെ നിതാന്ത് ജാഗ്രത. രോഗികൾക്ക് ശസ്ത്രക്രിയക്കായി എഴുതി നൽകുന്ന മരുന്നുകൾ വാങ്ങിപ്പിച്ച ശേഷം ഇത് പുറത്തു വിറ്റ് കാശാക്കിയിരുന്ന ജീവനക്കാരിയെയാണ് മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ ഡോ.രഞ്ചിന്റെയും ആശുപത്രി അധികൃതരുടെയും ജാഗ്രതയിൽ കുടുക്കിയത്.

അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഇതിനായി കൈമരവിപ്പിയ്ക്കുന്നതിനുള്ള മരുന്നു വാങ്ങുന്നതിനായി ആശുപത്രി അധികൃതർ പുറത്തേയ്ക്കു കുറിച്ചു നൽകുകയും ചെയ്തു.

മോർച്ചറി ഗെയിറ്റിന് എതിർഭാഗത്തെ മെഡിക്കൽ ഷോപ്പിൽനിന്നും രോഗിയുടെ ബന്ധുക്കൾ മരുന്ന് വാങ്ങി. ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് ജീവനക്കാരിയെ ഏൽപ്പിച്ചു. എന്നാൽ മരുന്നിന്റെ ഒപ്പം ബില്ല് കൂടി തരാൻ ഇവർ ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കൾ അത് ഏൽപ്പിക്കുകയും ചെയ്തു. പക്ഷേ, ശസ്ത്രക്രിയയ്ക്ക് പുറത്ത് നിന്ന് വാങ്ങിയ മരുന്ന് ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല.

ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ബന്ധുക്കൾ ബിൽ കൈപ്പറ്റിയതെന്തിനാണെന്ന് ചോദിച്ചപ്പോൾ ഇവർ ബന്ധുക്കളോട് തട്ടിക്കയറി. തുടർന്ന് രോഗിയുടെ ബന്ധുക്കൾ ആശുപത്രി അധികൃതർക്ക് പരാതി നൽകി. പരാതിയെ തുടർന്ന് തിങ്കളാഴ്ച ആശുപത്രി അധികൃതർ നേരിട്ട് മരുന്ന് കടയിലെത്തി അന്വേഷണം നടത്തി. തിയറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടുവന്ന് ജീവനക്കാരി മെഡിക്കൽ ഷോപ്പിൽ വിറ്റെന്നും തെളിഞ്ഞു. എന്നാൽ ഏത് ജീവനക്കാരിയാണെന്ന് അധികൃതർക്ക് മനസ്സിലായില്ല.

തുടർന്ന് തിയറ്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരികളെ എല്ലാം വിളിച്ച് നിർത്തി തിരിച്ചറിയൽ പരേഡ് നടത്തി. ഇതിൽ നിന്നും മരുന്നും ബില്ലും വാങ്ങിയ ജീവനക്കാരിയെ രോഗിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇവർ ഇതിന് മുൻപും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. അധികൃതർ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഇവർക്ക് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലാണ് സംഭവം.

Top