കോട്ടയം :കുരിശടിയിൽ വെള്ളം കയറിയപ്പോൾ മാതാവിനും ഉണ്ണീശോയ്ക്കും അഭയം ആയത് ഹൈന്ദവ പൂജാമുറി. നന്മമനസ്സുകൾ ഒന്നിച്ചപ്പോൾ ദൈവ രൂപങ്ങളും ഒന്നായി ഒരു മുറിയിൽ ഇരുന്നു. ശരിക്കും മനുഷ്യർ അഭയാർഥി ക്യാമ്പിലേക്ക് മാറിയപ്പോൾ ദൈവങ്ങളും മറ്റൊരു തരത്തിൽ ക്യാമ്പിലേക്ക് മതം വെടിഞ്ഞ് ഒന്നായി മാറുകയായിരുന്നു.സന്ധ്യയോടെ പൂജാമുറിയിൽ വിളക്കു കൊളുത്തുന്ന അവസരത്തിൽ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രത്തിനു മുന്നിലും വിളക്കു തെളിച്ചു. നീലിമംഗലം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ കുരിശിൻതൊട്ടിയിലാണു വെള്ളം കയറിയത്.
വായനശാല – ചാത്തുകുളം റോഡിൽ മേസ്തിരിപ്പടിയിലാണു കുരിശിൻതൊട്ടി. വെള്ളിയാഴ്ചയാണ് ഇവിടെ വെള്ളം കയറിയത്. ഉടൻ തന്നെ പള്ളിയുടെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിജു കെ.ചുമ്മാറിന്റെ നേതൃത്വത്തിൽ ചിത്രം ഇവിടെ നിന്നു മാറ്റി. ഇതു കണ്ട സമീപത്തെ വീട്ടുടമ ചെറുവിരലിൽ സനിൽകുമാർ, ചിത്രം വീട്ടിൽ സൂക്ഷിക്കാൻ തയാറാണെന്നു പള്ളി അധികൃതരെ അറിയിച്ചു. വികാരി പി.യു.കുരുവിള കോറെപ്പിസ്കോപ്പയുടെ അനുമതിയോടെ ചിത്രം സനിൽകുമാറിനെ ഏൽപിച്ചു. സനിൽ ഈ ചിത്രം വീട്ടിലെ പൂജാമുറിയിൽ ഏറ്റുവാങ്ങി.