കമ്യൂണിസ്റ്റ് ആശയങ്ങളില്‍ഉറച്ചു നിന്ന കെ.പി. ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി കെ.പി. ശര്‍മ്മ ഒലി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റുമായ സുശീല്‍ കൊയ്‌രാളയെയാണ് ശര്‍മ്മ പരാജയപ്പെടുത്തിയത്. പുതിയ ഭരണഘടന നിലവില്‍ വന്നശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎന്‍-യുഎംഎല്‍ ചെയര്‍മാന്‍ കെ.പി. ശര്‍മ്മക്ക് 338 വോട്ടും കൊയ്‌രാളക്ക് 249 വോട്ടുമാണ് ലഭിച്ചത്.പുതിയ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യപ്രധാനമന്ത്രിയാണ് 63-കാരനായ ശര്‍മ.

ചെറുപ്രായത്തിലേ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസത്തോടെ പഠനം ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങി. 1970-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലംഗമായി. രാജ്യത്ത് പാര്‍ട്ടിയെ കെട്ടിപ്പടുത്തവരില്‍ പ്രധാനിയാണ്. മുന്‍ രാജഭരണകാലത്ത് 14 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 1991 മുതല്‍ നാലുതവണ പാര്‍ലമെന്റംഗമായിരുന്നു. 1994-ല്‍ ആഭ്യന്തരമന്ത്രിയും 2007-ല്‍ വിദേശകാര്യമന്ത്രിയുമായിരുന്നു.ഏപ്രിലിലെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തെ പുനര്‍നിര്‍മിക്കുക, പുതിയ ഭരണഘടനയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ ശമിപ്പിക്കുക എന്നീ അടിയന്തരദൗത്യങ്ങളാണ് പുതിയ പ്രധാനമന്ത്രിക്കുമുന്നിലുള്ളത്. ഭരണഘടനയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ഇന്ത്യയുമായുള്ള അതിര്‍ത്തി ഉപരോധിക്കുന്നതിനാല്‍ രാജ്യത്ത് അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ട്. പെട്രോള്‍ അടക്കമുള്ള അവശ്യവസ്തുക്കള്‍ ഇപ്പോള്‍ നിയന്ത്രിത അളവില്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. രാജ്യത്തെ ചെറു പ്രവിശ്യകളായി തിരിക്കാനുള്ള ഭരണഘടനാ നിര്‍ദേശമാണ് തെക്കന്‍ നേപ്പാളിലെ മധേസി വിഭാഗക്കാരുടെ പ്രതിഷേധത്തിന് പ്രധാന കാരണം. എന്നാല്‍, ഇവര്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപണമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top