ന്യൂഡല്‍ഹി:കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യയേറി . തലമുറമാറ്റത്തിനായി മുറവിളി കൂട്ടുന്ന യുവതുർക്കികളുടെ ആവശ്യം ആരും പരിഗണിക്കില്ല യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ.മുരളീധരന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. സമുദായങ്ങള്‍ക്കപ്പുറം ഘടകകക്ഷികളോടുള്ള മുരളീധരന്റെ ബന്ധം അനുകൂലഘടകമാണെന്നാണ് വിലയിരുത്തല്‍.
ഏകെ.ആന്റണിക്ക് ഈ നീക്കത്തോട് യോജിപ്പെന്നാണ് സൂചന. മുസ്ലീംലീഗ്, കേരളാ കോണ്ഗ്രസ് എന്നിവർ ക്കു സ്വീകാര്യനെന്നതും മുരളിക്ക് അനുകൂലഘടകമാണ്. ഇക്കാര്യത്തിൽ സമുദായ പരിഗണന കണക്കിലെടുക്കേണ്ടെന്ന നിലപാടു ഹൈക്കമാന്ഡ് സ്വീകരിക്കും.കെപിസിസി അധ്യക്ഷ ചർച്ചകളിൽ മുല്ലപ്പളളി രാമചന്ദ്രന് തന്നെയാണ് മേൽക്കൈ. ദേശീയതലത്തിൽ ; സംഘടനാതിരഞ്ഞെടുപ്പ് മികച്ചരീതിയിൽ പൂർത്തിയാക്കിയ മുല്ലപ്പളളിയിലൂടെ ഈഴവ, പിന്നോക്കവിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ കഴിയുമെന്നു രാഹുൽ ഗാന്ധി കണക്കൂകൂട്ടുന്നു.ഗ്രൂപ്പുകളുടെ കടുംപിടുത്തത്തിനു രാഹുല് വഴങ്ങില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രവർ ത്തനത്തില് അതൃപ്തിയുണ്ടെങ്കിലും തത്കാലം മാറ്റില്ല. പ്രതിപക്ഷനേതാവ് സര്ക്കാർ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാകുന്നതു ശരിയല്ലെന്ന വിമർ ശനവും നേതൃത്വത്തിനുണ്ട് .
അതേസമയം കോണ്‍ഗ്രസിലെ തലമുറമാറ്റം ചെറുപ്പക്കാരുടെ മാത്രം അഭിപ്രായമാണെന്ന് വയലാര്‍ രവി പറഞ്ഞു. തലമുറമാറ്റം നടപ്പാക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. തലമുറ മാറ്റം വേണമെന്ന് ഞങ്ങളും മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ചെങ്ങന്നൂരിലെ തോല്‍വിക്ക് സാമൂഹിക വിഷയങ്ങളും കാരണമായെന്നും വയലാര്‍ രവി പറഞ്ഞു.പിജെ കുര്യനെതിരെയുള്ള വിമര്‍ശനം ഗൗരവമുള്ളതാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കുര്യന്റെ പ്രവര്‍ത്തനത്തില്‍ ദേശീയ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിരുന്നു.രാജ്യസഭയിലേക്ക് ആരു പോകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്ന് കെ. മുരളീധരന്‍ എം.എല്‍.എ.പ്രതികരിച്ചിരുന്നു . പ്രായത്തിന്റ പേരില്‍ ആരേയും മാറ്റി നിര്‍ത്തുകയോ വിലകുറച്ച് ചിത്രീകരിക്കുകയോ ചെയ്യരുതെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പ്രായം അയോഗ്യതയല്ല. കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയാണ് പ്രധാനം. രാജ്യസഭയില്‍ ഒക്കെ പ്രായമായവരാണ് നല്ലത്. നമുക്കൊക്കെ മല്‍സരിച്ച് ജയിക്കാനുള്ള ത്രാണി ഉണ്ടല്ലോ– അദ്ദേഹം പറഞ്ഞു.
പി.ജെ.കുര്യനെതിരെ കോണ്‍ഗ്രസില്‍ യുവനേതാക്കളുടെ കലാപം ശക്തമായതിന് പിന്നാലെയാണ് പ്രതികരണം.ചെങ്ങന്നൂര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ തീരില്ലെന്നും മുരളീധരന്‍ പറഞ്ഞു. നേമത്ത് മൂന്നാം സ്ഥാനത്ത് പോയതിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിലേക്ക് തിരിച്ചുവരുമായിരുന്നു. തോല്‍വികളെ ന്യായീകരിക്കാന്‍ കെ.കരുണാകരന്‍റ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണന്നും രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞു.
വീണ്ടും രാജ്യസഭയിലെത്താന്‍ ആഗ്രഹമുണ്ടെന്ന പി.ജെ കുര്യന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യുവനേതാക്കള്‍ ആഞ്ഞടിച്ചത്. എംഎല്‍എ മാരായ വി.ടി ബല്‍റാമും, ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പി.ജെ കുര്യനെതിരെ ആഞ്ഞടിച്ച് യുവ എംഎല്‍എമാരായ ഹൈബി ഈഡന്‍, റോജി എം ജോണ്‍, അനില്‍ അക്കരയും രംഗത്തെത്തി.രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ ആഞ്ഞടിച്ചു. യുവാക്കളെയാണ് ഇനി പരിഗണിക്കേണ്ടത്. കണ്ടുമടുത്ത മുഖങ്ങള്‍ മാറ്റി യുവാക്കള്‍ക്കും, വനിതകള്‍ക്കും, രാജ്യസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്നും ഹൈബി ഈഡന്‍ ആവശ്യം ഉയര്‍ത്തി. ഈ ആവശ്യം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.