നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനും ജിഷു പ്രണോയിയുടെ ദുരൂഹമരണത്തിലെ ഒന്നാം പ്രതിയുമായ കൃഷ്ണദാസിന് ജാമ്യം ലഭിച്ചു. ലക്കിടി കോളജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന കേസിലാണ് കൃഷ്ണദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഈ കേസില്‍ ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തതായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ഇന്നും നിശിതമായി. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതെന്നും ഇതിലൂടെ പ്രതിയുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. കേസ് ഡയറിയില്‍ മതിയായ തെളിവില്ലെന്നും കോടതി പറഞ്ഞു.
കേസില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൃഷ്ണദാസിന് രക്ഷപെടാന്‍ പഴുതിട്ടാണ് പൊലീസ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പഴയന്നൂരിലെ എഎസ്‌ഐ ജ്ഞാനശേഖരനാണ് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച വരുത്തിയത്. ജ്ഞാനശേഖരനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടി ഡിവൈഎസ്പി വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമായി. ജിഷ്ണു പ്രണോയിയുടെ കേസിന് സമാനമായിട്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതില്‍ ജാഗ്രത ഉണ്ടായില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ടു നല്‍കി. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.