വര്‍ക്കല: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ടിലെ കരാറുകാരനെ കാണാനില്ലെന്ന് പോലീസ്. കരാറുകാരന്‍ വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടി മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍, കൃഷ്ണന്‍കുട്ടിയും ഭാര്യയും അപകടം നടന്നതിനു പിന്നാലെ രക്ഷപ്പെട്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ എത്തിച്ച ഒരു മൃതദേഹത്തില്‍ വര്‍ക്കര്‍ (കൃഷ്ണന്‍കുട്ടി ആശാന്‍) എന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഇത് കൃഷ്ണന്‍കുട്ടി മരിച്ചെന്ന് സ്ഥിരീകരിക്കാന്‍ കാരണമായി. എന്നാല്‍ 40 വയസ്സുള്ള വര്‍ക്കല സ്വദേശി കൃഷ്ണന്‍ എന്നയാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍നിന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങിയതായി രേഖയുണ്ട്.
എന്നാല്‍, കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയെപ്പറ്റി യാതൊരു വിവരവുമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അപകടം നടന്ന ദിവസം പുലര്‍ച്ചെ കൃഷ്ണന്‍കുട്ടിയെയും ഭാര്യയെയും വര്‍ക്കലയ്ക്കു സമീപം കണ്ടതായി പറയുന്നുണ്ട്. വീട്ടില്‍ പൊലീസ് എത്തുന്നതിനു മുമ്പായി ഇരുവരും വീട്ടില്‍ കടന്നു സാധനങ്ങളുമായി അപ്രത്യക്ഷമായത്രേ. ഇതിനു പിന്നാലെ കൃഷ്ണന്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അടുത്ത ബന്ധുവിന്റെ കൈവശം ഒരാള്‍ എത്തിച്ചെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.
കൃഷ്ണന്‍കുട്ടിക്കുവേണ്ടി ഓട്ടോയില്‍ സാധനങ്ങള്‍ എത്തിച്ച ഡ്രൈവര്‍ അനില്‍കുമാര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചിരുന്നു. വര്‍ക്കല വെട്ടൂര്‍ വലന്റെകുഴിയിലെ കൃഷ്ണന്‍കുട്ടിയുടെ വീടു പൂട്ടിയതിനു പുറമെ, സമീപം തന്നെ താമസിക്കുന്ന അടുത്ത ബന്ധുക്കളും മാറിനില്‍ക്കുകയാണ്. പൊലീസ് സ്ഥലത്തു കാവല്‍ തുടരുന്നുണ്ട്.