നെഞ്ചുവേദന വന്ന് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് കെ.എസ്.ആര്‍.ടി.സി. ബസിലെ ജീവനക്കാരുടെ നല്ല മനസ്സ് പുതുജീവന്‍ നല്‍കി. കരുനാഗപ്പള്ളി കെട്ടിടത്തില്‍ക്കടവ് കണ്ടത്തില്‍ വീട്ടില്‍ ജയകുമാറിനാണ് (63) കരുനാഗപ്പള്ളി ഡിപ്പോയിലെ ബസ് കണ്ടക്ടറായ തൊടിയൂര്‍ മുഴങ്ങോടി നടയില്‍ കിഴക്കതില്‍ സന്തോഷ് കുമാര്‍, ഡ്രൈവര്‍ മൈനാഗപ്പള്ളി കടപ്പ തസ്‌നി മന്‍സിലില്‍ താജുദ്ദീന്‍ എന്നിവരുടെ ഇടപെടല്‍ തുണയായത്. കരുനാഗപ്പള്ളി ഡിപ്പോയല്‍നിന്ന് ഓച്ചിറ വഴി അഴീക്കലിലേക്ക് പോകുന്ന ബസില്‍ ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. പ്രയാര്‍ ജംഗ്‌നില്‍നിന്ന് ബസില്‍ കയറിയ ജയകുമാറിന് ആലുംപീടികയില്‍ എത്തിയപ്പോഴേക്കും നെഞ്ചുവേദന അനുഭവപ്പെടുകയും ബസില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. സംഭവം കണ്ട കണ്ടക്ടര്‍ ബസ് നിര്‍ത്തിച്ചു. ജയകുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ സഹയാത്രികരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തയ്യാറായില്ല. തുടര്‍ന്ന് ജയകുമാറിനെ ബസില്‍ത്തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണം കണ്ടതിനാല്‍ രോഗിയെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്രയുംവേഗം കൊണ്ടുപോകണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ആംബുലന്‍സ് അന്വഷിച്ചെങ്കിലും അവിടെ ലഭ്യമല്ലാതിരുന്നതിനാല്‍ ജയകുമാറിനെ ഓട്ടോറിക്ഷയില്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. ജയകുമാറിന്റെ ബന്ധുക്കളെയും ഓച്ചിറ പോലീസിനെയും വിവരം അറിയിച്ചതിനുശേഷമാണ് ജീവനക്കാര്‍ ആശുപത്രി വിട്ടത്. മത്സ്യത്തൊഴിലാളിയായ ജയകുമാര്‍ അഴീക്കല്‍ ഹാര്‍ബറിലേക്ക് ജോലിക്കു പോകുംവഴിയാണ് ബസില്‍ കുഴഞ്ഞുവീണത്.
കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരുടെ നല്ല മനസില്‍ യാത്രക്കാരന് പുതുജീവന്‍; കരുനാഗപ്പള്ളിയില്‍ നടന്നത് നന്മയുടെ നേര്‍ക്കാഴ്ച…
Tags: KSRTC