നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു. ശബരിമലയിലേക്കു തീര്‍ത്ഥാടകരുടെ വരവു കുറഞ്ഞതോടെയാണ് സര്‍വീസുകള്‍ അവസാനിപ്പിച്ചത്. ഇത് കെഎസ്ആര്‍ടിസിക്ക് കനത്ത നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങള്‍ കെഎസ്ആര്‍ടിസിയെ ബാധിച്ചെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. 310 കെഎസ്ആര്‍ടിസി ബസുകളാണു നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു ചെയിന്‍ സര്‍വീസ് നടത്തുന്നത്. ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഉണ്ടായതോടെ 50 ബസുകളാണു സര്‍വിസില്‍നിന്നു പിന്‍വലിച്ചത്.
പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ പമ്പയിലേക്കു ടിക്കറ്റ് എടുത്ത ഒരു ലക്ഷത്തോളം തീര്‍ത്ഥാടകരെ പ്രതിസന്ധിയിലാക്കി. 10 ഇലക്ട്രോണിക് ബസുകള്‍ നിലക്കല്‍ പമ്പ റൂട്ടില്‍ സര്‍വീസ് നടത്തിയെങ്കിലും നഷ്ടം കണക്കിലെടുത്ത് ഇപ്പോള്‍ മൂന്നു ബസുകള്‍ ആണ് ഓടുന്നുള്ളു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു പമ്പയിലും നിലയ്ക്കലും വിശ്രമിക്കാനോ ഭക്ഷണത്തിനോ സൗകര്യങ്ങളില്ലെന്നും തച്ചങ്കരി വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നു കാണിച്ചു ദേവസ്വവും ബോര്‍ഡിനു കെഎസ്ആര്‍ടിസി കത്തുനല്‍കി.