കെഎസ്ആര്‍ടിസിയില്‍ വീണ്ടും കാര്യങ്ങള്‍ നിയന്ത്രിച്ച് യൂണിയനുകള്‍. മുന്‍ എംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റി. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അട്ടിമറിക്കാനാണ് ഇടപെടല്‍. ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു. ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് യൂണിയനുകളുടെ ഇടപെടല്‍. അധിക ഡ്യൂട്ടി ചെയ്യേണ്ടെന്നുമാണ് യൂണിയനുകളുടെ തീരുമാനം. മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നും തച്ചങ്കരിയെ നീക്കിയതിനുപിന്നാലെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയൻ നേതൃത്വം തിരിച്ചുപിടിക്കുകയായിരുന്നു. അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാർക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കൾ വാക്കാൽ നിർദേശം നൽകി.
ഇതിന്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്കരിച്ചുതുടങ്ങി. എം.ജി. രാജമാണിക്യം മേധാവിയായപ്പോഴാണ് നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത് . മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ ടോമിൻ തച്ചങ്കരി സംസ്ഥാന നേതാക്കളെത്തന്നെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. ഇതോടെ ഭരണകക്ഷി സംഘടനകളുടെ പ്രസക്തി നഷ്ടമായി. നേതാക്കളുടെ നിർദേശപ്രകാരം ഡ്യൂട്ടി വീതംവയ്ക്കുന്നതും ഷെഡ്യൂൾ ക്രമീകരിക്കുന്നതും നിർത്തി.
നേതാക്കൾക്ക് ശരീരികാദ്ധ്വാനം കുറഞ്ഞ ഡ്യൂട്ടി നൽകുന്നതും അവസാനിപ്പിച്ചു. പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെച്ചു. നേതാക്കൾ പറഞ്ഞാൽ ഒന്നും നടക്കാതെയായി. തൊഴിലാളി നേതാക്കളെ വകവയ്ക്കാത്ത തച്ചങ്കരിഭരണത്തിൽ മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു ഇടത് യൂണിയനുകളുടെ പ്രധാനപരാതി. പ്രമുഖ ഇടതുസംഘടനയ്ക്ക് മാസവരി നൽകുന്ന ജീവനക്കാരുടെ എണ്ണം 22,000-ൽനിന്ന് 15,000 ആയി കുറഞ്ഞിരുന്നു.