തിരുവനന്തപുരം: ഡബിൾ ഡ്യൂട്ടി സംവിധാനം ഇന്ന് മുതൽ നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാർ പണിമുടക്കു തുടങ്ങി. രാവിലെ ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ല. ഇതുമൂലം മിക്ക ഡിപ്പോകളിൽനിന്നുമുള്ള ദീർഘദൂര സർവീസുകൾ മുടങ്ങി. ദീർഘദൂര സർവ്വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് പരിശോധിക്കാൻ ആളില്ലാത്തതിനാലാണ് സർവ്വീസുകൾ നിർത്തിയത്.
പുതിയ ഡ്യൂട്ടി സംവിധാനം അശാസ്ത്രീയമാണെന്നാണ് മെക്കാനിക്കല്‍ ജീവനക്കാര്‍ പറയുന്നത്. ഡബിള്‍ ഡ്യൂട്ടി സംവിധാനം ഉണ്ടായിരുന്നപ്പോള്‍ പതിനാറു മണിക്കൂറായിരുന്നു ഡ്യൂട്ടി സമയം. ഇതിപ്പോള്‍ എട്ടു മണിക്കൂറായാണ് കുറച്ചിരിക്കുന്നത്. ബസുകള്‍ രാത്രി കാലങ്ങളിലാണ് കൂടുതലായും സര്‍വീസിന് എത്തുന്നതെന്നും അപ്പോള്‍ കൂടുതല്‍ ജീവനക്കാര്‍ വേണമെന്നതിനാലുമാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറയുന്നത്. ജീവനക്കാര്‍ സമരം ആരംഭിച്ചത്തോടെ, ഏതെങ്കിലും ബസ് കേടായി വഴിയില്‍ കിടന്നാല്‍ നന്നാക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ്.
ഇരട്ട ഡ്യൂട്ടിയിലൂടെ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്നുദിവസം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നതായിരുന്നു ഇതുവരെയുള്ള ആനുകൂല്യം. ഈ സംവിധാനം ഒഴിവാക്കിയാണ് എംഡി തീരുമാനം കൈക്കൊണ്ടത്. ഇതോടെയാണ് ജീവനക്കാർ എതിർപ്പുമായി രംഗത്തെത്തിയത്.