കണ്ണൂര്‍: കെഎസ്ആര്‍ടിസിയിലെ മെക്കാനിക് ജീവനക്കാരുടെ ഡ്യൂട്ടിയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ശ്രമം നടത്തുന്ന എംഡി രാജമാണിക്യത്തിന്റെ നിലപാടുകള്‍ക്കെതിരായ സമരം തുടരുകയാണ്. ജോലി ഒന്നും ചെയ്യാതെ തന്നെ രണ്ട് ദിവസത്തെ ശമ്പളം ലഭിക്കുന്ന രീതിക്കാണ് തടയിട്ടത്. ഇത് ജീവനക്കാരെ പ്രകോപിപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്നും സമരം തുടരാന്‍ അവര്‍ തീരുമാനിച്ചത്. മെക്കാനിക്കുമാര്‍ പണിമുടക്കിയതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായിരിക്കുന്നത്. ഇന്നലെ മന്ത്രിയും എംഡിയും നേരിട്ട് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനങ്ങളും അംഗീകരിക്കാതെ ഒരു വിഭാഗം ആളുകള്‍ സമരം തുടരുകയാണ്. എന്നാല്‍, സമരം ചെയ്യുന്നവരെ നേരിടാന്‍ വേണ്ടി ഉരുക്ക് മുഷ്ടി തന്നെ പ്രയോഗിക്കാനാണ് രാജാണിക്യത്തിന്റെ തീരുമാനം.
സമരം നേരിടാന്‍ മാനേജ്‌മെന്റ്, വാഹന സര്‍വീസ് സെന്ററുകളുടെ സഹായംതേടിയിട്ടുണ്ട്. ടാറ്റ, അശോക് ലൈലന്‍ഡ് സര്‍വീസ് സെന്ററുകള്‍ ജീവനക്കാരെ നല്‍കും. എം.ഡി. രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന യോഗത്തിലാണ് തീരുമാനം. ദീര്‍ഘദൂര ബസുകള്‍ മുടങ്ങുന്നത് തടയാനാണ് ഈ ക്രമീകരണം. ഇതോടെ വലിയ ബസുകളുടെ അറ്റകുറ്റപ്പണികളും മറ്റും തീര്‍ക്കാന്‍ സാധിക്കും. എന്നാല്‍, ഇവരെ ജോലി ചെയ്യാന്‍ നിലവില്‍ ജീവനക്കാരായവര്‍ അനുവദിക്കുമോ എന്നതാണ് അറിയേണ്ടത്.
ഡിപ്പോ എന്‍ജിനീയര്‍മാര്‍ക്കും ചാര്‍ജ്മാന്മാര്‍ക്കും ബസുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെക്കാനിക്കുകളുടെ അഭാവത്തില്‍ ഇവര്‍ വാഹനങ്ങള്‍ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തി ഡ്രൈവര്‍മാര്‍ക്ക് നല്‍കും. സമരം അക്രമാസക്തമായാല്‍ ബസുകള്‍ ഓടിക്കാന്‍ പൊലീസ് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊലീസ് മേധാവിക്ക് കത്തുനല്‍കി. ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം. യൂണിയനുകള്‍ പോലും സമ്മതിച്ചിട്ടും വിട്ടുവീഴ്ച്ചയില്ലാതെ സമരത്തിന് ഇറങ്ങിയവരോട് കാരുണ്യം വേണ്ടെന്ന നിലപാടാണ് സര്‍ക്കാറിന്.
സമരം തുടരുന്നതിനിടെ കോര്‍പ്പറേഷന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരെ അവശ്യസേവന പരിപാലന നിയമപ്രകാരം പിരിച്ചുവിടുമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. ഇതോടെ സമരം കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 4000 മെക്കാനിക്കല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി.യിലുള്ളത്. എഴുന്നൂറോളം താത്കാലികക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. സമരക്കാര്‍ക്കെതിരേ കര്‍ശനനടപടിയുമായി മുന്നോട്ടുപോകുമെന്ന് എം.ഡി. എം.ജി. രാജമാണിക്യം അറിയിച്ചു. ബസ് തടയുന്നവരെ നീക്കുന്നതിന് പൊലീസ് സഹായം തേടാനും ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നവരുടെ വിവരം ചീഫ് ഓഫീസിലേക്ക് റിപ്പോര്‍ട്ടുചെയ്യാനും ഡിപ്പോ മോധാവിമാര്‍ക്ക് നിര്‍ദ്ദേശംനല്‍കി.
പുതിയ ഡ്യൂട്ടി ക്രമീകരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചമുതലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. ചൊവ്വാഴ്ച സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി ജീവനക്കാര്‍ ചര്‍ച്ചനടത്തിയിരുന്നു. ഇതില്‍ തുടര്‍ച്ചയായി രാത്രികാലഡ്യൂട്ടി ഒഴിവാക്കി സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ തീരുമാനിച്ചു. തിരക്കേറിയ സമയത്തേക്കായി രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റുകൂടി ഏര്‍പ്പെടുത്തി. ഈ ഷിഫ്റ്റില്‍ ഒരേ ജീവനക്കാരെ തുടര്‍ച്ചയായി നിയോഗിക്കില്ലെന്നും ഉറപ്പുനല്‍കി.
രാത്രിയിലാണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതല്‍. ഈ ജോലിഭാരം കുറയ്ക്കുന്നതിനാണ് പുതിയ ഷിഫ്റ്റ്. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും രണ്ടുമുതല്‍ രാത്രി പത്തുവരെയും രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയും പ്രതിദിന മെയിന്റനന്‍സ് വിഭാഗത്തിന് സിംഗിള്‍ ഡ്യൂട്ടികളുണ്ടാകും. തൊഴിലാളിസംഘടനകള്‍ ഇത് അംഗീകരിച്ചെങ്കിലും ഒരുവിഭാഗം ജീവനക്കാര്‍ തള്ളി സമരം തുടരുകയായിരുന്നു. തൊഴിലാളിസംഘടനകളുടെ പിന്തുണയില്ലാതെയാണ് ഇപ്പോള്‍ സമരം.
സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗം ലഭിക്കുന്നമുറയ്ക്ക് കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങള്‍ക്കും ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കുമെന്ന് മന്ത്രി ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു. ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കും. വര്‍ക്ഷോപ്പുകള്‍ കാലാനുസൃതമായി നവീകരിക്കും.
ഡബിള്‍ഡ്യൂട്ടി സംവിധാനം കാരണമാണ് ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം കുറയ്ക്കാന്‍ കഴിയാത്തതെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ വൈകീട്ട് നാലിനാണ് ഡ്യൂട്ടിയില്‍ കയറിയിരുന്നത്. പക്ഷേ, ബസുകള്‍ എത്താന്‍ രാത്രി എട്ടുകഴിയും. ഈ സമയനഷ്ടം ഒഴിവാക്കാനാണ് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്.