കേരള ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ പദവിയിലെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടതില്ലെന്ന മന്ത്രി കെടി ജലീലിന്റെ വാദവും പൊളിയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡി പദവിയിലെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. 2013 ലാണ് ന്യനപക്ഷ വകുപ്പിന് കീഴില്‍ പൊതുമേഖല സ്ഥാപനമായി കേരള ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ നിലവില്‍ വരുന്നത്.
മന്ത്രി ജലീല്‍ കൂടി പങ്കെടുത്ത 2016 ഒക്ടോബര്‍ 13ന് ചേര്‍ന്ന മന്ത്രിസഭായോഗം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത പദവികളിലെ നിയമനത്തിന് വിജിലന്ഡസ് ക്ലിയറന്‍സ് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, തുടങ്ങിയ ഉന്നത തല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നായിരുന്നു തീരുമാനം.
ഇത് സംബന്ധിച്ച് ഒക്ടോബര്‍ 15 ന് തന്നെ സര്‍ക്കാര്‍ ഉത്തരവുമിറക്കിയിട്ടുണ്ട്. ബന്ധുവിനെ നിയമിക്കുമ്പോള്‍ മന്ത്രി ജലീല്‍ വിജിലന്‍സ് ക്ലിയറന്‍സ് വാങ്ങിയിട്ടില്ലെന്നാണ് ആരോപണം. മന്ത്രി ഇപി ജയരാജനും പികെ ശ്രീമതിയും ഉള്‍പ്പെട്ട് ബന്ധു നിയമന വിവാദത്തിന് ശേഷമായിരുന്നു ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയത്. യോഗ്യതയില്‍ മാറ്റം വരുത്തിയതിന് പിന്നാലെ വിജിലന്‍സ് ക്ലീയറന്‍സും ഇല്ലാതെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പദവിയില്‍ ജലീല്‍ ബന്ധുവിനെ നിയമിച്ചിരിക്കുന്നത്. ഡെപ്യൂട്ടേഷന്‍ നിയമനമായതിനാല്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ലെന്നാണ് മന്ത്രിയുടെ വാദം.സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരുടെ കാര്യത്തിലാണ് ഇത് ബാധകമെന്നിരിക്കെയാണ് മന്ത്രിയുടെ വാദം.