കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവർ,രമേശ് ചെന്നിത്തലയെന്ന് കെ.ടി.ജലീൽ!.പരനാറിയെന്ന പേര് വിളിക്കാൻ ജലീൽ യോഗ്യനെന്ന് ചാമക്കാല

കൊച്ചി:കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവർ,രമേശ് ചെന്നിത്തലയെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞതിന് പിന്നാലെ കെ.ടി.ജലീലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ വിളിച്ചപേരിന് ഏറ്റവും യോഗ്യൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി ജലീൽ എന്നായിരുന്നു ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ജലീൽ നടത്തിയ ചില വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.

തെരഞ്ഞെടുപ്പ് തോൽവി ഉറപ്പായപ്പോൾ കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രതിപക്ഷ നേതാവിന്‍റെ മക്കളെപ്പോലെ പുലഭ്യം പറയുന്നു എന്നാണ് ചാമക്കാല ആരോപിക്കുന്നത്. രമേശ് ചെന്നിത്തലയെ ജനങ്ങൾ തലയിലേറ്റുന്നത് കേരളം കാണുകയാണെന്നും അതിൽ അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ലെന്നും വിമർശിക്കുന്ന പോസ്റ്റിൽ ചൊറിച്ചിലിനുള്ള നല്ല മരുന്നെന്തെങ്കിലും എത്തിച്ചു കൊടുത്ത് മന്ത്രിയെ ആരെങ്കിലും സഹായിക്കേണ്ടതാണ് എന്നും ചാമക്കാല കുറിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ വിളിച്ചപേരിന് ഏറ്റവും യോഗ്യൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി ജലീൽ…..തിരഞ്ഞെടുപ്പ് തോൽവി ഉറപ്പായപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ മക്കളെപ്പോലും പുലഭ്യം പറയുന്നു കേരളത്തിൻ്റെ “ഉന്നതവിദ്യാഭ്യാസ മന്ത്രി “….. പ്രതിപക്ഷ നേതാവിൻ്റെ മക്കൾ ഡോക്ടറും ഇന്ത്യൻ റവന്യു സർവീസുകാരനും ആയതാണ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ ചുമതലക്കാരന് സഹിക്കാനാവാത്തത്..!

അദ്ദേഹത്തിൻ്റെ കണക്കിൽ നേതാക്കളുടെ മക്കൾ ബിരുദമെടുക്കേണ്ടത് ലഹരി കടത്തിലോ ഡാറ്റ മോഷണത്തിലോ ഒക്കെയാണ്….ജലീൽ മന്ത്രീ, സ്വപ്ന സുരേഷിൻ്റെ ഈന്തപ്പഴത്തിൻ്റെയും പിണറായി വിജയൻ്റെ പാൽപ്പായസത്തിൻ്റെയും ബലത്തിലാണ് തിളയ്ക്കുന്നതെങ്കിൽ അതു വേണ്ട എന്നാണ് പറയാനുള്ളത്….
രമേശ് ചെന്നിത്തല തലയിൽ മുണ്ടിട്ട് എവിടെയും പോവാറില്ല….ജനങ്ങൾ അദ്ദേഹത്തെ തലയിലേറ്റുന്നത് കേരളം കാണുകയാണ്….അതിൽ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല.

ചെന്നിത്തലയ്ക്ക് വേണമെങ്കിൽ തവനൂരിലും മത്സരിക്കാമെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. പി വി അൻവറും ചെന്നിത്തലയെ വെല്ലുവിളിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.സ്പീക്കർ പി ശ്രീരാമകൃഷ്ണന് പിന്നാലെയാണ് മന്ത്രി കെ.ടി. ജലീലും രമേശ് ചെന്നിത്തലയെ മത്സരിക്കാൻ വെല്ലുവിളിച്ച് രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ വ്യക്തിപരമായി കൂടി ആക്ഷേപിച്ച് ആണ് ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്.

ജലീലിന്റെ പോസ്റ്റ് :

സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ PG ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിൻ്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?

നിലമ്പൂർ എം എൽ എ പിവി അൻവറും ചെന്നിത്തലയെ ഫേസ്ബുക്ക് വഴി വെല്ലുവിളിച്ചിട്ടുണ്ട്. സ്പീക്കറുടെ വെല്ലുവിളി വാർത്തയുടെ പോസ്റ്റർ പങ്കുവെച്ച്, നിലമ്പൂരിലേക്കും സ്വാഗതം എന്നാണ് അൻവർ ഫേസ്ബുക്കിൽ എഴുതിയത്. കഴിഞ്ഞ ദിവസം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ചെന്നിത്തലയെ പൊന്നാനിയിൽ മൽസരിക്കാൻ വെല്ലു വിളിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ജലീലും അൻവറും ചെന്നിത്തലയെ അവരുടെ മണ്ഡലത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോൺഗ്രസിനെ വിമർശിക്കുന്നതിനോടൊപ്പം ചെന്നിത്തലയെ വ്യക്തിപരമായി കടന്നാക്രമിക്കുക കൂടിയാണ് ഇടത് പക്ഷം.

ALSO READ :രമേശ് ചെന്നിത്തല ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റ് !.ബിജെപിക്കും കോൺഗ്രസിനും ഇടയിലെ പാലം ചെന്നിത്തലയുടെ വിശ്വസ്ഥൻ G.V.ഹരി.അടുത്ത തവണ മുരളിയെ തോൽപ്പിക്കും

ചെന്നിത്തല ഇതിനെല്ലാം എന്ത് മറുപടി പറയും എന്നത് കൂടി പ്രസക്തമാണ് ഈ ഘട്ടത്തിൽ . ഐശ്വര്യ കേരള യാത്രയുടെ സ്വീകരണത്തിൽ രമേശ് ചെന്നിത്തല പി ശ്രീരാമകൃഷ്ണനെതിരെ പൊന്നാനി ചമ്രവട്ടത്തും ജലീലിലെതിരെ ആലത്തിയൂരും നിശിത വിമർശനം ഉന്നയിച്ചിരുന്നു. തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.

‘മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെയാണ് സ്വർണക്കടത്ത് നടത്തിയത്. കെ ടി ജലീലാണ് ബന്ധുനിയമനത്തില്‍ ആദ്യമായി സ്വന്തം ബന്ധുവിനെ നിയമിച്ചത്. വിവാദം ഉണ്ടായപ്പോള്‍ തടിയൂരി. ഇ ഡിയും എന്‍ ഐ എയും ഒരുപാട് തവണ ചോദ്യം ചെയ്തു. മന്ത്രിമാര്‍ സംശയങ്ങള്‍ക്ക് അതീതരായിരിക്കണം. മന്ത്രി ജലീല്‍ കൊണ്ടുവന്ന എല്ലാ അഴിമതികളും പ്രതിപക്ഷം വെളിച്ചത്ത് കൊണ്ടുവന്നു. മന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത് കേരളത്തില്‍ അപൂര്‍വ്വ സംഭവമാണ്. സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയത് സി പി ഐഎമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധമാണ്. യു ഡി എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ എല്ലാ നിയമനങ്ങളും അന്വേഷിക്കും.’ – ഇതാണ് ചെന്നിത്തല ജലീലിന് എതിരെ തവനൂർ മണ്ഡലത്തിലെ സ്വീകരണത്തിൽ പറഞ്ഞത്.

‘അഴിമതിയും ധൂര്‍ത്തും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ബന്ധങ്ങളും, സത്യസന്ധമായി അന്വേഷിച്ചാല്‍ സ്പീക്കര്‍ ജയിലില്‍ ആകുമെന്ന് ചെന്നിത്തല പൊന്നാനിയിൽ പറഞ്ഞു. എന്നാല്‍ ഇപ്പോഴുള്ള ബി ജെ പി – സി പി എം കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യുമോ എന്ന് തനിക്ക് സംശയമുണ്ട് എന്നും ചെന്നിത്തല പൊന്നാനിയിലെ സ്വീകരണ വേദിയില്‍ പറഞ്ഞിരുന്നു.

പി വി അൻവറിനെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പൊലീസിൽ അറിയിക്കണമെന്നും രമേശ് ചെന്നിത്തല നിലമ്പൂരിലും പ്രസംഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണനും ജലീലും പി വി അൻവറും ഒരേ രീതിയിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ ആക്രമണം അഴിച്ചു വിടുന്നത്.

Top