ബന്ധു നിയമന വിവാദത്തില്‍ കെടി ജലീലിന് കൈത്താങ്ങായി മകളുടെ ഫേസ്ബുക്ക് പോസ്റ്റ്

ബന്ധുനിയമന വിവാദത്തില്‍ കുരുക്കിലായ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മകള്‍ അസ്മ ബീവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? എന്ന് ചോദിച്ച് തുടങ്ങുന്ന പോസ്റ്റില്‍ വിവാദ നിയമനത്തിന്റെ വിവിധ വശങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് അസ്മ. അദീപിന്റെ നിയമനത്തില്‍ ആര്‍ക്കും അവസരം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇതൊരു ഡെപ്യൂട്ടേഷന്‍ നിയമനമായിരുന്നു എന്നും അസ്മ സമര്‍ത്ഥിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബന്ധു നിയമന വിവാദം:

എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? കെടുകാര്യസ്ഥതയില്‍ കെട്ടഴിഞ്ഞ് കിടന്ന ഒരു പൊതു മേഖലാ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചതോ? എന്താണ് അദീപ് ചെയ്ത തെറ്റ്? മന്ത്രിയുടെ ബന്ധുവായതോ? അദീപിന്റെ നിയമനത്തില്‍ ആര്‍ക്കാണ് പരാതി? അവസരം നഷ്ടമായവര്‍ക്കോ അതോ രാഷ്ട്രീയ എതിരാളികള്‍ക്കോ?

ദശകോടികള്‍ ക്രയവിക്രയം ചെയ്യുന്ന ഒരു ധനകാര്യ സ്ഥാപനമാണ് എന്റെ ഉപ്പയുടെ വകുപ്പിന് കീഴിലുള്ള കേരളാ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍. ഇവിടേക്ക് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ ഞങ്ങളുടെ ബന്ധുവായ അദീപിനെ നിയമിച്ചതാണ് വിവാദ ഹേതു.

ഈ വിവാദത്തിലെ million dollar questions ഇവയാണ് :
1. ഈ നിയമനത്തില്‍ ആര്‍ക്കെങ്കിലും അവസരം നിഷേധിക്കപ്പെട്ടോ?
തന്റെ അവസരം നിഷേധിക്കപ്പെട്ടു എന്ന് പറഞ്ഞ് ഒരു ഉദ്യോഗാര്‍ത്ഥിയും വന്നിട്ടില്ല. ഇതൊരു ഡെപ്യൂട്ടേഷന്‍ നിയമനമാണ്. ഡെപ്യൂട്ടേഷന്‍ നിയമനമെന്നത് ഗവണ്‍മെന്റ ലോ അല്ലെങ്കില്‍ സ്റ്റാറ്റിയൂട്ടറിബോഡിയിലോ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാളെ താല്‍കാലികമായി മറ്റൊരു സ്ഥാപനത്തില്‍ നിയമിക്കലാണ്. (അതായത് അദീപിന്റെ ഡെപ്യൂട്ടേഷന്‍ നിയമനം കാരണം ജോലി അന്വേഷിക്കുന്ന ഒരാളുടെയും ഒരു അവസരവും നഷ്ടമായിട്ടില്ല എന്നര്‍ത്ഥം).

2. പിന്നെ ആര്‍ക്കാണ് ഈ നിയമനത്തില്‍ പരാതി?
ഉപ്പയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് മാത്രം.

3. മന്ത്രിയും മന്ത്രി ബന്ധുവും എന്ത് ലാഭമാണ് ഇതില്‍ നിന്ന് ഉണ്ടാക്കിയത്?
1,10,000 ത്തോളം ശമ്പളം വാങ്ങുന്ന അദീപ് 86,000 ത്തോളം രൂപക്കാണ് ന്യൂനപക്ഷ കോര്‍പറേഷനില്‍ ജോലി ചെയ്യാന്‍ തയ്യാറായി വന്നത്. ന്യൂനപക്ഷ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സേവിക്കുന്നത് ഒരു ‘ ‘സഖാത്താ’ യി (charity) കരുതിയ അദീപിന്റെ മനോവികാരം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുമെന്ന് കരുതുന്നു. അദീപിന് പുണ്യം കിട്ടും എന്നല്ലാതെ സാമ്പത്തിക ലാഭം ഇത് വഴി ലഭിച്ചിട്ടില്ല.
ഒടുവില്‍ പരിഹാസവും തേജോവധവും സഹിക്കാതെ അദീപ് ഈ ജനറല്‍ മാനേജര്‍ പദവി രാജി വെച്ച് സ്വന്തം ഉദ്യോഗത്തിലേക്ക് തിരിച്ച് പോകുകയാണുണ്ടായത്.
ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ലീഗ് ഭരണകാലത്ത് നടന്ന കെടുകാര്യസ്ഥകളെക്കുറിച്ച് പറയുന്നില്ല. ലീഗ് നിയമിത എംഡിയും മറ്റു പല ലീഗ് നേതാക്കളും ലക്ഷങ്ങള്‍ ഉദാരമായി വായ്പയെടുത്ത് അവ തിരിച്ചടക്കാതെ ഇരിക്കുകയായിരുന്നു. ഈ വാര്‍ത്ത വന്നതില്‍ പിന്നെ വായ്പ തിരിച്ചടക്കാന്‍ മുന്‍ എം.ഡി അടക്കം പലരും മുന്നോട്ടു വരുന്നു എന്നത് ശുഭസൂചകമാണ്.

തങ്ങളുടെ വാദങ്ങള്‍ക്ക് കാമ്പോ നിയമസാധുതയോ ഇല്ലെന്നറിയുമ്പോള്‍ ജാള്യത മറക്കാനും ഈ വിവാദം പൊതുജനമധ്യത്തിലിട്ട് ഉപ്പയെ കരിവാരിത്തേക്കാനുമുള്ള യൂത്ത് ലീഗിന്റെ നിക്ഷിപ്ത താല്‍പര്യം എനിക്ക് മനസ്സിലാക്കാം.
പക്ഷേ യോഗ്യതയുള്ളവരെ കിട്ടാത്ത, യോഗ്യതയുളളവര്‍ക്ക് വേണ്ടാത്ത, നിസ്സാരമെന്ന് തോന്നുന്ന ഈ ഡെപ്യൂട്ടേഷന്‍ നിയമനം ഊതിവീര്‍പ്പിച്ച ചാനല്‍ ചര്‍ച്ചക്കാരുടെ താല്‍പര്യമെന്താണെന്ന് മനസ്സിലാകുന്നില്ല. പലപ്പോഴും അര്‍ധസത്യങ്ങളാണ് അവതരിപ്പിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും. ലീഗിന്റെ പല പൊള്ളവാദങ്ങളും പ്രൈം ടൈം വാര്‍ത്താ വായനക്കാരന്‍ അപ്പടി ഏറ്റു പാടിയപ്പോഴാണ് ഞാന്‍ അന്താളിച്ച് പോയത്. ഇവരോടൊക്കെ എന്ത് പറയാനാണ്?
ഒരാരോപണം കിട്ടിയപ്പോള്‍ വസ്തുതകള്‍ അന്വോഷിക്കാതെ, കുറച്ച് മെറ്റീരിയല്‍ കിട്ടിയ സന്തോഷത്തില്‍ ട്രോളുകള്‍ പടച്ചാഘോഷിച്ച ടോളന്മാരെ ഓര്‍ത്ത് സഹതപിക്കാനല്ലേ കഴിയൂ?
എതിര്‍ പാര്‍ട്ടി ആയിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ പരിഹാസ പോസ്റ്റുകളിട്ട
ആദര്‍ശപുങ്കവന്മാരായ ജനപ്രതിനിധികളോടെന്ത് പറയാനാണ്?

ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും സാമ്പത്തികമായി ഉപ്പ ഒന്നും ഉണ്ടാക്കിയിട്ടില്ല. മുതല്‍ക്കൂട്ട് കുറേയേറെ മനുഷ്യരുടെ സ്‌നേഹവും സൗഹൃദവുമാണ്.
പൊതുപ്രവര്‍ത്തനത്തിന് ശേഷം ഉപ്പയുടെ കയ്യില്‍ ശമ്പളമൊന്നും മിച്ചം വരാറില്ല. ഉമ്മയുടെ ശമ്പളം കൊണ്ടാണ് വീട്ടു ചെലവുകള്‍ നടക്കുന്നത്. ജോലി ആയതില്‍ പിന്നെ ഞാന്‍ എപ്പോള്‍ വിളിക്കുമ്പോഴും ഉപ്പ ആളുകളെ സഹായിക്കാന്‍ പണം ചോദിച്ച് ‘സുയിപ്പാ’ക്കാറുണ്ട്, ഞാനൊരു പിശുക്കിയാണെന്നു പറഞ്ഞു കളിയാക്കാറുമുണ്ട്.
മക്കള്‍ പഠനത്തിനും ജോലിക്കുമൊക്കെയായി വീട് വിട്ട് പറന്നപ്പോള്‍ ഉമ്മയെ തനിച്ചാക്കാതെ ഉപ്പക്ക് കോളേജധ്യാപകന്റെ നല്ല ശമ്പളം പറ്റി സ്വസ്ഥജീവിതം നയിച്ചൂടെയെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമയിലെ കോമാളിയോ വില്ലനോ ആയ രാഷ്ട്രീയക്കാരനെ മാത്രം കണ്ട് പരിചയിച്ച ഫേസ് ബുക്ക് പുലികള്‍ വിചാരിക്കും പോലെ സുഖകരമല്ല ഒരു പൊതു പ്രവര്‍ത്തകന്റെ ജീവിതം.

എനിക്ക് ഓര്‍മ വച്ച കാലം മുതല്‍ ഉപ്പ പൊതുപ്രവര്‍ത്തകനാണ്. ആള്‍ക്കൂട്ടത്തിലേക്കിറങ്ങിച്ചെന്ന് അവരോടൊത്ത്, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഉപ്പക്കിഷ്ടം.

അത് കൊണ്ട് നിങ്ങള്‍ ഇനിയും ട്രോളിക്കോളൂ, ചാനല്‍ ചര്‍ച്ചയില്‍ പരിഹസിച്ചോളൂ.
പക്ഷേ, മടിയില്‍ കനമില്ലാത്തതിനാല്‍ സര്‍ക്കാരാപ്പീസിന്റെ ചുവന്ന നാടയില്‍ കുരുങ്ങിയ ഫയല്‍ തീര്‍പ്പാക്കാനും, മകളുടെ ഫീസിന് പണമില്ലെന്ന് പറഞ്ഞ് വരുന്ന പാവങ്ങള്‍ക്ക് പരിചയക്കാരോട് ശുപാര്‍ശ ചെയ്ത് എന്തെങ്കിലും നീക്ക് പോക്ക് ഉണ്ടാക്കി കൊടുക്കാനും തുടങ്ങി രാത്രി പശു കിണറ്റില്‍ ചാടിയാല്‍ സഹായത്തിന് വിളിക്കാനും കെട്ടിയോന്‍ ഉപദ്രവിക്കുന്നുവെന്ന പരാതി പറയാനും വരെ ഈ നാട്ടിലെ നിസ്സഹായരായ ജനങ്ങള്‍ക്ക് എപ്പോഴും സമീപിപ്പിക്കാവുന്ന ഒരു ജനപ്രതിനിധിയെ ആവശ്യമുണ്ട്. പദവി ഉണ്ടായാലും ഇല്ലെങ്കിലും ഉപ്പ ജനങ്ങള്‍ക്കൊപ്പമുണ്ടാകും.
സത്യം ജയിക്കട്ടെ!

Top