തിരുവനന്തപുരം: യു എ ഇ കോൺസുലേറ്റ് താൽപര്യപ്പെട്ടതനുസരിച്ച് റംസാൻ ഭക്ഷണകിറ്റും ഖുറാൻ കോപ്പികളും വിതരണം ചെയ്‌തത് രാജ്യവിരുദ്ധപ്രവർത്തനമാകുന്നതെങ്ങനെയെന്ന് ചോദ്യം ഉന്നയിച്ച് മന്ത്രി കെ.ടി ജലീൽ. യു എ ഇ കോൺസുലേറ്റ് ചെയ്‌ത പ്രവൃത്തിയെ ഇകഴ്‌ത്തി കാട്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ തന്റെ മെക്കിട്ട് കയറേണ്ടെന്നും മന്ത്രി കുറിച്ചു. മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ വണ്ടിയിൽ ഖുറാൻ കയറ്രിയത് മഹാപരാധമെന്ന് പറയുന്ന കോൺഗ്രസും ബിജെയും ചെയ്യുന്നത് ‘പോകുന്ന തോണിക്ക് ഒരുന്ത്’ എന്ന് പറയും പോലെയുളള കോലാഹലമാണെന്നും ഫേസ്ബുക്കിൽ കുറിച്ച ലേഖനത്തിൽ മന്ത്രി കെ.ടി ജലീൽ പറഞ്ഞു.
പോകുന്ന തോണിക്കൊരുന്ത്”
ഇന്ത്യയും യു.എ.ഇയും നയതന്ത്ര തലത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്നത് ഊഷ്മള ബന്ധമാണ്. നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് UAE ൽ ജോലി ചെയ്യുന്നതും കച്ചവട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതും. അതുവഴി ദശകോടികളുടെ വിദേശനാണ്യമാണ് ഓരോ വർഷവും രാജ്യത്തേക്കൊഴുകി എത്തുന്നത്. പൊതുവിൽ ഇന്ത്യക്കാർക്ക്, വിശേഷിച്ച് മലയാളികൾക്ക്, വീടു വിട്ടാൽ മറ്റൊരു വിടു തന്നെയാണ് UAE. ആ ആത്മബന്ധം നില നിൽക്കുന്നത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ UAE സന്ദർശന വേളയിൽ അവിടെ ലോകോത്തരമായ ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതിയും അതിനാവശ്യമായ സ്ഥലവും UAE ഭരണാധികാരിയോട് ആവശ്യപ്പെട്ടത്. ചോദിക്കേണ്ട താമസം, നിർമ്മാണാനുമതിയും അതിനാവശ്യമായ ഏക്കർ കണക്കിന് സൗജന്യ ഭൂമിയുമാണ് അവർ നൽകിയത്. ക്ഷേത്രം സ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായുള്ള പൂജാദി കർമ്മങ്ങൾ ഇതിനകംതന്നെ പൂർത്തിയാക്കി ക്ഷേത്ര നിർമ്മാണം ആരംഭിച്ചതായാണ് അറിവ്. കാശ്മീർ പ്രശ്നത്തിൽ, അന്താരാഷ്ട്ര വേദികളിൽ UAE ഇന്ത്യക്ക് അനുകൂല നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഒരു ഘട്ടത്തിലും അവർ പാക്കിസ്ഥാൻ്റെ പക്ഷം ചേർന്നതായി കേട്ടിട്ടില്ല.
അങ്ങിനെയുള്ള ഒരു രാജ്യത്തിൻ്റെ കോൺസുലേറ്റ് താൽപര്യപ്പെട്ടതനുസരിച്ച്, റംസാൻ ഭക്ഷണക്കിറ്റുകളും, ലോകമെമ്പാടുമുള്ള മസ്ജിദുകളിലേക്ക് UAE അവരുടെ എംബസികളും കോൺസുലേറ്റുകളും മുഖേന വർഷങ്ങളായി നൽകിവരാറുള്ള വിശുദ്ധ ഖുർആൻ കോപ്പികളും, കേരളത്തിൽ വിതരണം ചെയ്യാനുള്ള സൗകര്യം അഭ്യർത്ഥിച്ചതും, അതിന് സാഹചര്യം ഒരുക്കിക്കൊടുത്തതുമാണ്, ‘രാജ്യവിരുദ്ധ’ പ്രവർത്തനമായി ചിലരിപ്പോൾ വിശേഷിപ്പിക്കുന്നത്. എങ്ങിനെയാണിത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതാവുകയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. UAE യുടെ താൽപര്യം നിരാകരിച്ചിരുന്നുവെങ്കിൽ, അതല്ലേ രാജ്യതാൽപര്യത്തിന് വിരുദ്ധമായ പ്രവർത്തിയാകുമായിരുന്നത്?
UAE കോൺസുലേറ്റ് ചെയ്ത തീർത്തും സൗഹാർദ്ദപൂർണ്ണമായ ഒരു പ്രവർത്തിയെ, ഇകഴ്ത്തിക്കാണിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരൻ, എൻ്റെ മെക്കട്ട് കയറുകയല്ല ചെയ്യേണ്ടത്. റംസാൻ കിറ്റ് നൽകലും ഖുർആൻ കോപ്പികൾ വിതരണം ചെയ്യലും ഇന്ത്യയിൽ ഇനിമേലിൽ നടക്കില്ലെന്ന് UAE ഭരണാധികാരികളെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അതിനുള്ള ആർജ്ജവം കാണിക്കാതെ ജനങ്ങളെ ഭിന്നിപ്പിക്കാനുതകുന്ന പ്രസ്താവനകൾ നടത്തുന്നത് ശരിയാണോ എന്ന് അദ്ദേഹം ശാന്തമായി ആലോചിക്കുന്നത് നന്നാകും.
മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ ഒരു സർക്കാർ വാഹനത്തിൽ ഒരു രൂപ പോലും പൊതുഖജനാവിന് അധിക ചെലവില്ലാതെ കുറച്ച് വിശുദ്ധഖുർആൻ പാക്കറ്റുകൾ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന പാർട്ടിയും പറയുന്നത്. ‘പോകുന്ന തോണിക്ക് ഒരുന്തെ’ന്ന് കേട്ടിട്ടില്ലേ? അത് ചെയ്തതിനാണ് ഇവരുടെ ഈ കോലാഹലങ്ങൾ. വിശുദ്ധ ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുർആൻ കോപ്പികൾ മസ്ജിദുകളിൽ ആര് നൽകിയാലും അതെങ്ങനെയാണ് തെറ്റാവുക? സർക്കാർ വാഹനത്തിൻ്റെ നാലയലത്ത് പോലും അടുപ്പിക്കാൻ പറ്റാത്ത ഗ്രന്ഥമാണ് ഖുർആനെന്നാണോ ഇക്കൂട്ടരുടെ പക്ഷം? അങ്ങിനെയെങ്കിൽ, അവരത് തുറന്ന് പറയണം. എന്നിട്ടെനിക്കുള്ള ശിക്ഷയും വിധിക്കണം.
ക്ഷേത്രങ്ങളിലും പള്ളികളിലും ചർച്ചുകളിലും ഗുരുദ്വാരകളിലും, ദർശനം നടത്താനും ആരാധനകൾ നിർവഹിക്കാനും, പ്രധാനമന്ത്രിയും മന്ത്രിമാരും ഗവർണ്ണർമാരും ന്യായാധിപൻമാരും ഉദ്യോഗസ്ഥരും, സർക്കാർ വാഹനങ്ങളിൽ പോകുന്നതും ഗവ:ൻ്റെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതും പൊതു മുതലിൻ്റെ ദുർവിനിയോഗമായി ഇതുവരെ ആരും അഭിപ്രായപ്പെട്ടത് കേട്ടിട്ടില്ലാത്ത നാടാണ് നമ്മളുടേത്. രാജ്യം ഉയർത്തിപ്പിടിക്കുന്ന മതേതര പാരമ്പര്യത്തിൻ്റെ നിദർശനമായാണ് അവയെല്ലാം ഇന്നോളം പരിഗണിക്കപ്പെട്ടുപോന്നിട്ടുള്ളത്.
രാജ്യദ്രോഹം, പ്രോട്ടോകോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയിൽ കനമില്ലാത്തവൻ, വഴിയിൽ ആരെപ്പേടിക്കണം?