ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം എച്ച്.ഡി കുമാരസ്വാമി നിറവേറ്റി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതായി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച 2018-19 വര്‍ഷത്തെ ബജറ്റില്‍ കുമാരസ്വാമി പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളുന്നത്. ഇതിലേക്ക് 34,000 കോടി രൂപ വകയിരുത്തി. കടക്കെണിയില്‍ പെട്ടവര്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കുന്നതിലേക്ക് 6,500 കോടിയും അനുവദിച്ചു.
2017 ഡിസംബര്‍ 31 വരെയുള്ള കുടിശികയുള്ള എല്ലാ കാര്‍ഷിക വായ്പകളും ആദ്യഘട്ടമെന്ന നിലയില്‍ എഴുതിതള്ളും. ഇതിനകം വായ്പ അടച്ചുതീര്‍ത്തവര്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ പണം സര്‍ക്കാര്‍ തിരിച്ചുനല്‍കും. 25000 രൂപയോ വായ്പ തുകയോ അതില്‍ ഏതാണോ കുറവ് അതായിരിക്കും നല്‍കുക. കാര്‍ഷിക മേഖലയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ജെ.ഡി.എസ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കന്നി ബജറ്റ്.
ജലസേചന പദ്ധതികള്‍ക്ക് 1.25 ലക്ഷം കോടി രൂപ അനുവദിച്ചു. ബംഗലൂരുവിലെ ഇന്ദിരാ കാന്റീന്‍ മാതൃകയില്‍ എല്ലാ താലൂക്കുകളിലും ജില്ലാ ആസ്ഥാനങ്ങളിലും 247 ഇന്ദിര കാന്റീനുകള്‍ തുറക്കും. ഇതിലേക്ക് 211 കോടി വകയിരുത്തി.
എന്നാല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ ഉയര്‍ത്താനും ഇന്ധനവിലയില്‍ നികുതി കൂട്ടാനും നിര്‍ദേശമുണ്ട്. പെട്രോള്‍ നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 32 ശതമാനമായും ഡീസലിന്റേത് 19 ശതമാനത്തില്‍ നിന്ന് 21 ശതമാനമായും ഉയര്‍ത്തും. ഇതുവഴി പെട്രോള്‍ വില ലിറ്ററിന് 1.14 രൂപ യും ഡീസലിന് 1.12 രൂപയും ഉയരും. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് നാലു ശതമാനം എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാനും ശിപാര്‍ശയുണ്ട്. ബജറ്റ് ചെലവുകള്‍ക്കുള്ള വരുമാനം കണ്ടെത്താന് ഈ നിര്‍ദേശങ്ങള്‍.