കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊല്ലം റൂറല്‍ സിറ്റി കമ്മീഷണര്‍ കെ.സുരേന്ദ്രന്‍ എസിപി ബി.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെമുതല്‍ കേസന്വേഷണംഎസിപി ബി.കൃഷ്ണകുമാറിനാണ്. രണ്ടുമാസംമുന്പാണ് കുട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു.
കുട്ടിയുടെ പിതാവ് ഏറെ നാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഇയാളെ കുട്ടിയുടെ മൃതശരീരം കാണിക്കാന്‍ പോലും ബന്ധുക്കള്‍ കൂട്ടാക്കിയില്ലെന്നും പറയുന്നു. മാത്രമല്ല ബന്ധുക്കളില്‍ ചിലര്‍ ഇയാളെ മര്‍ദിച്ചതായും പോലീസിന്‍റെ സഹായത്തോടെയാണ് പിന്നീട് മകളുടെ മൃതശരീരം കണ്ടതെന്നും പറയുന്നു.
കുട്ടിയുടെ സഹോദരനായ 16കാരനും നേരത്തെ ആത്മഹത്യചെയ്തിരുന്നു. ഈ സംഭവത്തിലും ദുരൂഹത നിലനില്‍ക്കുകയാണ്.കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ അടയാളങ്ങള്‍ കാണപ്പെട്ടതും പീഡനത്തിലേക്ക് വിരല്‍ചൂണ്ടുന്നു . പ്രകൃതിവിരുദ്ധപീഡനത്തിന് കുട്ടിയെ ഇരയാക്കിയതിന്‍റെ ലക്ഷണങ്ങളും സ്വകാര്യഭാഗങ്ങളിലെ മുറിവുകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. മരണത്തിന് തൊട്ടുമുന്പും പീഡനത്തിനിരയായിരുന്നതിന്‍റെ സൂചനകളുമുണ്ട്. ആന്തരികാവയവങ്ങളിലെ മുറിവുകളും കൊടിയ പീഡനത്തിനിരയായതിന്‍റെ സൂചനകളാണ് നല്‍കുന്നത്. മൃതദേഹ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായിട്ടും പോലീസ് സംഭവം ഗൗരവമായി എടുത്തില്ല.
ജനപ്രതിനിധികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് തിരുവനന്തപുരത്ത് കൊണ്ടുപോയത്. ബന്ധുക്കള്‍ അന്വേഷണത്തോട് തുടക്കംമുതലെ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറഞ്ഞുവന്നത്. പോലീസിന്‍റെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി കുട്ടിയുടെ മുത്തശി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
പോലീസിന്‍റെ ഭാഗത്ത് ഗുരുതരമായ വീഴ്ചസംഭവിച്ചതിനെതുടര്‍ന്ന് കുണ്ടറ സിഐ ഷാബുവിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തു.കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരിക്കുകയാണ്. കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ദക്ഷിണമേഖല ഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.ശിശുക്ഷേമസമിതിയും പഞ്ചായത്ത് സെക്രട്ടറിയും സ്കൂള്‍ അധികൃതരും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവം നടന്ന് മാസങ്ങളായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്നലെ കുണ്ടറ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇതിനുശേഷമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നത്. കൊല്ലം റൂറല്‍ എസിപിക്ക് അന്വേഷണ ചുമതലനല്‍കി. പ്രതികളെ പെട്ടെന്ന് നിയമത്തിന് മുന്നില്‍കൊണ്ടുവരാനാണ് ശ്രമം.
ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക്കൊല്ലം: കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ചുള്ള ആത്മഹത്യാകുറിപ്പ് കുട്ടിയുടെ മൃതദേഹത്തിന് അരികില്‍നിന്ന് കണ്ടെടുത്തിരുന്നു. കുറിപ്പിലാകട്ടെ എഴുതിയിരിക്കുന്നത് പഴയലിപിയിലാണ്. ആത്മഹത്യാകുറിപ്പ് കുട്ടി എഴുതിയതല്ലെന്ന സംശയം ഉയര്‍ന്നതിനെതുടര്‍ന്ന് നേരത്തെയുള്ള അന്വേഷണസംഘം കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ഇതിന്‍റെ ഫലം കൂടി പുറത്തുവരുന്പോള്‍ കേസില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും. ബാലികയെ പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ടു വര്‍ഷം മുന്പ് പിതാവ് അറസ്റ്റിലായിരുന്നു. അതിനാല്‍ പിതാവ് തന്നെയാണ് ഇളയകുട്ടിയുടെ മരണത്തിന് കാരണമെന്ന് കാണിച്ച് കുട്ടിയുടെ മാതാവും ബന്ധുക്കളും കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പിതാവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.