യുഎഇ തന്നെ തടവിലാക്കിയെന്ന് വീഡിയോ പുറത്തുവിട്ട ഖത്തര്‍ രാജകുമാരന്‍ ഇപ്പോഴുള്ളത് ഇവിടെ

കുവൈറ്റ് : തന്നെ യുഎഇ തടവിലാക്കിയിരിക്കുകയാണെന്ന് അരോപിച്ച് വീഡിയോ പുറത്തുവിട്ട ഖത്തര്‍ രാജകുടുംബാംഗം കുവൈറ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍. ഷെയ്ഖ് അബ്ദുള്ള ബിന്‍ അലി അല്‍താനിയാണ് തന്നെ യുഎഇ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മൂന്നുനാള്‍ മുന്‍പ് ആരോപിച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്ശാ രീരികാസ്വാസ്ഥ്യമുണ്ടായതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഷെയ്ഖ് അബ്ദുള്ളയുടെ സഹോദര്‍ ഷെയ്ഖ് ഖാലിദ് വ്യക്തമാക്കി.  അദ്ദേഹം ആരോഗ്യനില വീണ്ടെടുക്കുകയാണെന്നും അധികം വൈകാതെ ആശുപത്രി വിടുമെന്നും സഹോദരന്‍ അറിയിച്ചു. ജനുവരി 14 നാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഷെയ്ഖ് അബ്ദുള്ള യുഎഇയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.  തന്നെ യുഎഇ അധികൃതര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഷെയ്ക് മുഹമ്മദ് ആയിരിക്കും ഉത്തരവാദിയെന്നുമായിരുന്നു കുറ്റപ്പെടുത്തല്‍. താന്‍ അബുദാബിയിലാണ് ഉള്ളതെന്നും ഷെയ്ഖ് മുഹമ്മദിന്റെ അതിഥിയായാണ് എത്തിയതെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഒരു തടവുകാരനാണെന്നുമായിരുന്നു പരാമര്‍ശം. ഇവിടം വിടാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോപണം നിഷേധിച്ച് യുഎഇ രംഗത്തെത്തിയിരുന്നു.ഖത്തര്‍ രാജകുടുംബാംഗം സ്വതന്ത്രനാണെന്നും എപ്പോള്‍ വേണമെങ്കിലും തിരികെ പോകാമെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.അതിനിടെയാണ് അദ്ദേഹം കുവൈറ്റിലെത്തിയത്.

Top