കുവൈറ്റ്: കുവൈറ്റിലെ അധ്യാപക തസ്തികകളിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ ആ തസ്തികകളിലേക്കുള്ള വിദേശി അധ്യാപകരുടെ നിയമനം ഈ മാസം 14 നു ആരംഭിക്കും എന്ന് കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശികളെ നിയമിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. ഈ വര്‍ഷത്തെ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായാണ് കൂടുതല്‍ വിദേശി അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം ഒരുങ്ങുന്നത്.
നിയമന നടപടികള്‍ ഓഗസ്റ്റ് 14 നു ആരംഭിക്കും. കുവൈറ്റില്‍ തന്നെയുള്ള വിദേശി അധ്യാപകരുമായി കരാര്‍ ഒപ്പിടല്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശി അധ്യാപക നിയമനത്തിനായി ജൂലൈ 29ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും യോഗ്യരായ അധ്യാപകരെ സ്വദേശികള്‍ക്കിടയില്‍നിന്ന് വേണ്ടത്ര ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദേശികളെ നിയമിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ആഗസ്റ്റ് 28നാണ് പുതിയ അധ്യാപകരുടെ ജോലി ആരംഭിക്കുന്നത്. ആദ്യ പടിയായി ഏഴുദിവസത്തെ പരിശീലനം നല്‍കും.
ഇതില്‍ പഠിപ്പിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സാങ്കേതിക പരിശീലനവും പൊതുവായ മാര്‍ഗനിര്‍ദേശവും ഉള്‍പ്പെടും. വിരമിക്കുന്ന അധ്യാപകരുടെ ആനുകൂല്യങ്ങള്‍ നല്‍കാനായി വിദ്യാഭ്യാസ മന്ത്രാലയം 40 ദശലക്ഷം ദീനാര്‍ അനുവദിച്ചതായും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. വിരമിക്കല്‍ പ്രായമെത്തിയവര്‍ക്കും നേരത്തെ വിരമിക്കാനുള്ള പ്രത്യേകാനുമതി നേടിയ ഭിന്നശേഷിക്കാര്‍ക്കും ആണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നും മന്ത്രാലയം അറിയിച്ചു.