ന്യുഡൽഹി :കുവൈറ്റിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട ചില ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്നും ഇവ തിരിച്ചറിയുന്നനതിനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാലുടന്‍ ബന്ധുക്കളെ വിവരമറിയിക്കുമെന്നും വ്യോമസേനാ വിമാനം മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ അപകടത്തില്‍ മരിച്ചെന്നാണ് അറിയുന്നത്.
സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. കുവൈറ്റ് ദുരന്തം അതീവ ദുഖകരമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ചികിത്സാ സഹായം അടക്കം സാധ്യമായതെല്ലാം സർക്കാർ ചെയ്യും. കേന്ദ്ര സർക്കാരുമായി ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, തീപിടിത്തത്തില്‍ 48 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും അതില്‍ 42 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന് കീര്‍ത്തി വര്‍ധന്‍ സിംഗ് ഇന്നലെ വൈകീട്ട് കുവൈറ്റിലേക്ക് പുറപ്പെട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ആറ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഏകദേശം 200 ഓളം ആളുകള്‍ കെട്ടിടത്തില്‍ താമസിക്കുന്നുണ്ടായിരുന്നു. മിക്ക മരണങ്ങളും ഉറങ്ങുമ്പോള്‍ പുക ശ്വസിച്ചാണ് സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.