കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നും ഇനിയും മോചിതമായിട്ടില്ലാത്ത ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദം തലപൊക്കിയിരിക്കുകയാണ്. പതിമൂന്ന് സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തതാണ് പാര്‍ട്ടിയെ കുരുക്കിലാക്കുന്ന പ്രധാന പ്രശ്‌നം
എന്നാല്‍, പത്തനംതിട്ടയിലെ പ്രശ്‌നത്തോടൊപ്പം അണികളില്‍ വ്യത്യസ്ത വികാരങ്ങളുണ്ടാക്കിയിരിക്കുകയാണ് ബിജെപിയുടെ കൊല്ലം സീറ്റിലെ സ്ഥാനാര്‍ത്ഥി. ഓരോ തിരഞ്ഞെടുപ്പിലും വോട്ടിന്റെ ഗ്രാഫ് കുത്തനെ ഉയരുന്ന കൊല്ലത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പ്രമുഖരെ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഈ ചോദ്യം ഉയരുന്നത്. ‘ആരാണ് കെവി സാബു?’ എന്നാണ് അണികളില്‍ നിന്നും ഉയരുന്ന ചോദ്യം. തങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് കൊല്ലം സീറ്റിലേയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന കെവി സാബു എന്ന് ഒരുവിഭാഗം പറയുന്നു.
‘ആരുമില്ലായിരുന്നെങ്കില്‍ ചന്ദ്രബാബു ചേട്ടനെ നിറുത്തി കൂടായിരുന്നോ ?’ എന്നും കമന്റുകള്‍ ഉയരുന്നു. ‘സംഘത്തിന്റെ കൊല്ലത്തെ കരുത്ത് കാട്ടാമായിരുന്നല്ലോ’? ആര്‍.എസ്.എസ് കൊല്ലം വിഭാഗ് സദസ്യനായ സി.കെ.ചന്ദ്രബാബുവിനെയാണ് ഉദ്ദേശിച്ചായിരുന്നു ഈ കമന്റ്.
കൊല്ലത്ത് ബി.ജെ.പി സൗഹൃദ മത്സരത്തിന് കളമൊരുക്കുന്നുവെന്ന ധ്വനിയില്‍ വന്‍ വിവാദമാകാവുന്ന പരാമര്‍ശങ്ങളും പോസ്റ്ര് ചെയ്തിട്ടുണ്ട്. വോട്ട് കച്ചവടം എന്ന പാപം ആത്മാഭിമാനമുള്ള ആര്‍.എസ്..എസ് പ്രവര്‍ത്തകരെ കൊണ്ട് ചെയ്യിക്കരുതെന്ന അപേക്ഷയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ ഒരു ഘട്ടത്തിലും ഉയര്‍ന്നുവരാത്ത പേരുകാരനെയാണ് ഇപ്പോള്‍ കൊല്ലത്ത് ബി.ജെ.പി പ്രഖ്യാപിച്ചതെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ ആക്ഷേപം.