തിരുവനന്തപുരം :മുൻ കോൺഗ്രസ് നേതാവ് കെവി തോമസിനെ ഡെൽഹിയിൽ സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനം എടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം.അച്ചടക്ക നിയമനത്തിന് കോൺഗ്രസ് നടപടി എടുത്ത കെവി തോമസിന് എട്ടുമാസത്തിന് ശേഷമാണ് നടപടി.
സർക്കാരിന് അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് ആക്ഷേപം ഉയർന്നു . സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് കെ.വി.തോമസിനെ നിയമിച്ചിരിക്കുന്നത്. മുൻപ് ഇതേ പദവിയിൽ ഇരുന്ന സിപിഎം നേതാവ് എ.സമ്പത്തിനായി 20 മാസത്തേക്ക് ചെലവഴിച്ചത് 7.26 കോടി രൂപയാണ്. ഇതിൽ ശമ്പളമായി മാത്രം നൽകിയത് 4.62 കോടി രൂപയാണ്. ഇതു കൂടാതെ താമസം, യാത്ര, അതിഥി സൽക്കാരം എന്നീ ചെലവുകളുമുണ്ട്.
ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച തീരുമാനം തന്റെ ആവശ്യപ്രകാരമല്ലെന്ന് കെ വി തോമസ്. ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനുളള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ പോകുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാറുണ്ട്. നെഹ്റുവിയൻ കാഴ്ചപ്പാടുളള ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ് ഞാൻ. വികസന പ്രവർത്തനങ്ങളിൽ എന്നും പങ്കാളിത്തമുണ്ടായിട്ടുണ്ട്. ഇടതുമുന്നണിയോടൊപ്പമാണ് നിൽക്കുന്നത്. കോൺഗ്രസിൽ ഉളളപ്പോഴും യച്ചൂരിയോടും മറ്റ് നേതാക്കൻമാരോടും നല്ല വ്യക്തി ബന്ധമുണ്ടായിരുന്നു. പ്രധാനമന്ത്രിയായും ബന്ധമുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ചു നിൽക്കണം. അതാണ് കെ റെയിലിന് പിന്തുണ നൽകിയത്. നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, വൈപ്പിൻ പദ്ധതികൾ എന്നിവ വന്നപ്പോളും എതിർപ്പുണ്ടായിരുന്നു. അന്നും വികസനത്തിനൊപ്പമായിരുന്നു നിന്നത്. അന്ന് രാഷ്ട്രീയം നോക്കിയല്ല പ്രവർത്തിച്ചിട്ടുളളത്.
വാർഡ് പ്രസിഡന്റായി തുടങ്ങിയ ആളാണ് ഞാൻ. എല്ലാവരേയും യോജിപ്പിച്ചു നിർത്തി. എന്നെ പുറന്തള്ളിയത് കോൺഗ്രസാണ്. കേരളത്തിലെ കുറച്ച് കോൺഗ്രസ് നേതാക്കൾ ആണ്. ഞാൻ പത്ത് പേരെ വച്ച് ഗ്രൂപ്പുണ്ടാക്കാൻ നിന്നില്ല. ഗ്രൂപ്പിനൊന്നും നിലനിൽപ്പില്ല. വികസനത്തിന് ഒപ്പം നിൽക്കണം. വികസനകാര്യത്തിൽ പിണറായി വിജയൻ സർക്കാർ ഒരുപാട് മുന്നോട്ടുപോയി. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കും,” കെ വി തോമസ് പറഞ്ഞു.
സമ്പത്തിനെ ശമ്പളത്തിനു പുറമെ സമ്പത്തിനായി സർക്കാൽ ചെലവഴിച്ച തുക ഇങ്ങനെ: ദിവസ വേതനം – 23.45 ലക്ഷം, യാത്രാ ചെലവുകൾ – 19.45 ലക്ഷം., ഓഫിസ് ചെലവുകൾ – 1.13 കോടി, ആതിഥേയ ചെലവുകൾ – 1.71 ലക്ഷം, വാഹന അറ്റകുറ്റപ്പണി – 1.58 ലക്ഷം, ഇന്ധനം – 6.84 ലക്ഷം, മറ്റു ചെലവുകൾ – 98.39 ലക്ഷം..
പാർട്ടിയിലെ എതിർപ്പുകളെ അവഗണിച്ചാണ് ആറ്റിങ്ങലിലെ മുൻ എംപിയായ എ.സമ്പത്തിനെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത്. പ്രതിമാസ ശമ്പളം 92,423 രൂപയായിരുന്നു. മന്ത്രിമാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളോടെയും സൗകര്യത്തോടെയുമായിരുന്നു നിയമനം. ശമ്പളം, യാത്രാബത്ത, പഴ്സനൽ സ്റ്റാഫ്, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ് 7.26 കോടി രൂപ സമ്പത്തിനായി ചെലവഴിച്ചത്.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ട സമ്പത്തിനെ രാഷ്ട്രീയമായി സഹായിക്കാൻ നൽകിയ സ്ഥാനമെന്നാണ് അന്ന് ഉയർന്ന ആരോപണം. സിപിഎമ്മിന്റ പരിപാടികളിൽ പങ്കെടുത്തതിനു കോൺഗ്രസിൽനിന്നും പുറത്താക്കി മാസങ്ങളായെങ്കിലും മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിന് സ്ഥാനങ്ങളൊന്നും നൽകിയിരുന്നില്ല. തോമസിനെ തൃപ്തിപ്പെടുത്താൻ കാബിനറ്റ് റാങ്കോടെ സ്ഥാനം നൽകുമ്പോൾ നഷ്ടം സംസ്ഥാന ഖജനാവിനാണ്. എ.സമ്പത്തിനെ പ്രത്യേക പ്രതിനിധിയാക്കിയിട്ടും സംസ്ഥാനത്തിനു മെച്ചമൊന്നുമുണ്ടായില്ല.
കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതോടെയാണ് കോൺഗ്രസ് നേതൃത്വവുമായി മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് അകലുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധത്തിലായിരുന്നു തോമസ്. പാർട്ടി നിർദേശം ലംഘിച്ചാണ് തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഎം അനുകൂല നിലപാട് സ്വീകരിച്ചു. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതോടെ പാർട്ടിയിൽനിന്ന് പുറത്താക്കി. സിപിഎമ്മുമായി സഹകരിക്കുന്നവരെ സംരക്ഷിക്കുമെന്നായിരുന്നു പുറത്താക്കലിനോട് സിപിഎം നേതാക്കളുടെ പ്രതികരണം.
മാസങ്ങളായിട്ടും കെ.വി.തോമസിനു സ്ഥാനമൊന്നും ലഭിച്ചില്ല. തൃക്കാക്കരയിലെ പരാജയത്തിന്റെ പേരിൽ പഴി കേൾക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക പദവി നൽകാൻ സിപിഎം തീരുമാനിച്ചത്. ഡൽഹിയിലെ തോമസിന്റെ ബന്ധങ്ങൾ ഗുണകരമാകുമെന്ന് പാർട്ടി കരുതുന്നു. സിപിഎമ്മിലേക്കു വരുന്നവർ പെരുവഴിയിലാകില്ലെന്ന സന്ദേശവും പാർട്ടി നൽകുന്നു. എന്നാൽ, ബിജെപി ഭരിക്കുമ്പോൾ കെ.വി.തോമസിന്റെ നിയമനം ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നു വിമർശകർ പറയുന്നു.
2019 ഓഗസ്റ്റിലാണ് എ.സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പദവിയിൽ നിയമിച്ചത്. 20 മാസം സമ്പത്ത് പദവിയിൽ തുടർന്നു. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ്, ഡ്രൈവർ എന്നിവരെ സമ്പത്തിനായി അനുവദിച്ചിരുന്നു. ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ ഓഫിസ് പ്രവർത്തിച്ചത്. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കേണ്ട എ.സമ്പത്ത് ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് അവസാന വിമാനത്തിൽ കേരളത്തിലെത്തിയത് രാഷ്ട്രീയ വിവാദമായി. കേരളത്തിലേക്കു വരാനാകാതെ ഡൽഹിയിൽ നിരവധി മലയാളികൾ കുടങ്ങി കിടന്നപ്പോഴാണ് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉത്തരവാദിത്തപ്പെട്ടയാൾ കേരളത്തിലേക്കു മടങ്ങിയത്.
കേരള ഹൗസിലെ കൺട്രോളറുടേയും ലെയ്സൺ ഓഫിസറുടെയും തസ്തിക ഒഴിഞ്ഞു കിടക്കുമ്പോൾ സമ്പത്തും നാട്ടിലേക്കു മടങ്ങിയത് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നഴ്സുമാരുൾപ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളെ ബാധിച്ചു. ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ 38,247 വോട്ടിനാണ് അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടത്. നിലവിൽ ദേവസ്വം, പട്ടികജാതി–പട്ടികവർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്.