രാജ്യത്തെ പ്രസിഡന്റിന്റെ മകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് കണ്ണ് തള്ളുകയാണ് കിര്‍ഗിസ്ഥാനിലെ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍. കിര്‍ഗിസ്താനിലെ പ്രസിഡന്റ് അല്‍മാസ്‌ബെക്ക് അത്തംബയേവിന്റെ ഇളയമകള്‍ അലിയ ഷഗിയേവയെന്ന 20കാരിയാണ് നാട്ടുകാരുടെ ഞെട്ടിക്കുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍, അടിവസ്ത്രം മാത്രം ധരിച്ച് ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അലിയ, ഇപ്പോള്‍, കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കോണ്‍സ്റ്റന്റൈന്‍ എന്നയാളുമായി അലിയ വിവാഹിതയായത്. മാര്‍ച്ചില്‍ പ്രസവിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്‍സ്റ്റഗ്രാമില്‍ നിറവയര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അലിയ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രമുയര്‍ത്തിയ വിവാദം അടങ്ങുന്നതിന് മുന്നെ, മകന്‍ താജിറിന് മുലകൊടുക്കുന്ന ചിത്രവുമായി അലിയ വീണ്ടും രംഗത്തെത്തി.
ശരീരപ്രദര്‍ശനം നടത്തിയതിന് അലിയക്കെതിരെ കടുത്ത വിമര്‍ശനമാണ് മതനേതാക്കള്‍ ഉയര്‍ത്തിയത്. രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും വഴിതെറ്റിക്കുന്ന ചിത്രമാണതെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍, കാലം മാറുന്നതനുസരിച്ച് ചിന്താഗതികളിലും മാറ്റം വരണമെന്ന മറുപടിയാണ് അലിയ ഇതിന് നല്‍കിയത്. ഭാവിയില്‍ എന്തൊക്കെയാണ് സമൂഹം അംഗീകരിക്കുകയെന്ന് എങ്ങനെയറിയുമെന്നും അവര്‍ ചോദിച്ചു.
കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തശേഷം സ്തനങ്ങളെ ലൈംഗികാവയങ്ങള്‍ മാത്രമായി കാണുന്നതിനെ എതിര്‍ക്കുകയാണ് താനിതിലൂടെയെന്ന് അലിയ പ്രതികരിച്ചു. സ്ത്രീശരീരത്തെ വെറും ഉപകരണം മാത്രമായാണ് സമൂഹം വിലയിരുത്തുന്നത്. അതിനെയാണ് താനെതിര്‍ക്കുന്നതെന്നും അലിയ പറഞ്ഞു. സമൂഹത്തിലെ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
കിര്‍ഗിസ്താനില്‍ സ്ത്രീകളെ രണ്ടാംനിര പൗരന്മാരായാണ് കാണുന്നതെന്ന ആരോപണം ശക്തമാണ്. മുസ്ലിം സമുദായത്തിലും ക്രിസ്ത്യന്‍ സമുദായത്തിലും അത് പ്രകടമാണ്. അലിയയുടെ ചിത്രങ്ങള്‍ വനിതാ സംഘടനകള്‍ അതിനെതിരായ ആയുധമാക്കുകയാണിപ്പോള്‍. തനിക്ക് സമൂഹത്തില്‍നിന്ന് കിട്ടുന്ന പിന്തുണയാണ് ശക്തിപകരുന്നതെന്ന് അലിയ പറയുന്നു. കൂടുതല്‍ ചിത്രങ്ങള്‍ ഇനിയും പോസ്റ്റ് ചെയ്യുമെന്നും അവര്‍ പ്രഖ്യാപിച്ചു.