കൊച്ചി: കേരളത്തില്‍ മാവോയിസ്റ്റ് ശക്തി പ്രാപിച്ചെന്ന് റിപ്പോര്‍ട്ട്. ജനങ്ങളുടെ പിന്തുണയോടെ കേരളത്തില്‍ വേരുകള്‍ ഉറച്ചെന്ന് വനിത മാവോയിസ്റ്റ് നേതാവാണ് അറിയിച്ചിരിക്കുന്നത്. ഭരണകൂടത്തെ നേരിടുമെന്നും മാവോയിസ്റ്റ് നേതാവ് അനു പറഞ്ഞു.
ആദിവാസി, ദുര്‍ബല ജനവിഭാഗങ്ങളില്‍ സ്വാധീനമുറപ്പിച്ചു ഭരണകൂടത്തെ നേരിടുന്ന പതിവു രീതിയാണു കേരളത്തിലും അവലംബിക്കുന്നത്. അനുഭാവമുള്ളവരുടെ പിന്തുണ പുറത്തും ലഭിക്കുമെന്നും അനു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ജനങ്ങള്‍ മാവോയിസ്റ്റുകളെ സ്വീകരിക്കുന്നതായാണ് അനുഭവം. കൂടുതല്‍ ആളുകളിലേക്ക് എത്താനുളള തടസം ഭരണകൂടം സൃഷ്ടിക്കുന്നു. പക്ഷേ അവരെ മറികടക്കുന്നുണ്ട്. പരിമിതമായ തോതിലാണെങ്കിലും മറികടക്കാന്‍ കഴിയുന്നു. ഞങ്ങള്‍ നിലനില്‍ക്കുന്നതിന്റെ തെളിവാണിത്. തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും ഇടപെടലുകള്‍ മുന്നോട്ടുള്ള വഴിയില്‍ വലിയ വിലങ്ങുതടിയാണ്. വിവരങ്ങള്‍ക്കായി അവരും ആശ്രയിക്കുന്നത് ജനങ്ങളെത്തന്നെയായതിനാല്‍ ഒറ്റുകാരെയും പേടിക്കണം.
ഭരണകൂടത്തിന്റെ തണ്ടര്‍ബോള്‍ട്ടിന്റെ 300, 400 സേനാംഗങ്ങളെ വിന്യസിച്ച സ്ഥലത്തുപോലും ഞങ്ങള്‍ക്കു ജനങ്ങള്‍ക്കിടയിലേക്ക് പോകാനും അവരെക്കണ്ടു സംസാരിക്കാനും കഴിയുന്നുണ്ട്. ജനങ്ങളുടെ പിന്തുണ തന്നെയാണത്. അതു വിപുലമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനു കഴിയുമെന്നും അനു പറയുന്നു. കൊടുംകാടിനുള്ളിലാണ് താവളം. ഒളിവുജീവിതത്തെക്കുറിച്ചോ ഭാവിപരിപാടികളെക്കുറിച്ചോ മിണ്ടില്ല. എന്നാല്‍ പോരാളികളില്‍ കാര്യമായ വനിതാസാന്നിധ്യം ഉണ്ടെന്ന് അനു സാക്ഷ്യപ്പെടുത്തുന്നു. എഴുപതുകളില്‍ അജിതയെ പോലെയുളളവരാണ് പ്രേരണയായത്. അന്ന് അവര്‍ നയിച്ചിരുന്ന പ്രസ്ഥാനം പുതിയ നിലയിലേക്ക് എത്തിയത് അഭിമാനമായാണ് കാണുന്നതെന്നും അനു പറഞ്ഞു.