എരുമേലി: തുലാമാസ പൂജകള്‍ക്ക് ശേഷം ഇന്ന് നട അടയ്ക്കാനിരിക്കെ ദര്‍ശനത്തിന് താത്പര്യമുണ്ടെന്ന് യുവതി പോലീസിനെ അറിയിച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദുവാണ് എരുമേലി പോലീസിനെ ഇക്കാര്യം പറഞ്ഞ് സമീപിച്ചത്. എന്നാല്‍ സുരക്ഷ നല്‍കാനാവില്ലെന്ന് എരുമേലി പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് യുവതി പമ്പയിലേക്ക് പോയി. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാലാണ് സുരക്ഷ നല്‍കാന്‍ കഴിയാത്തതെന്ന് പോലീസ് പറഞ്ഞു.
രണ്ട് യുവാക്കളോടൊപ്പമാണ് യുവതി എത്തിയത്. എരുമേലി പോലീസ് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ പമ്പയില്‍ ക്യാമ്പ് ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ കാണാനാണ് യുവതി പമ്പയിലേക്ക് പോയത്. നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.
ശബരിമല; ദര്‍ശനത്തിന് താത്പര്യമെന്ന് യുവതി, സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്
Tags: erumeli, kerala police, nilakkal, sabarimala, sabarimala controversy, sabarimala protest, sabarimala women entry