ഉത്തർപ്രദേശ്: ലഖിംപൂര്‍ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ കൊല്ലപ്പെട്ട കർഷകരുടെ എണ്ണം ഒമ്പതായി ഉയർന്നു. ഇന്നലെ എട്ട് പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഇന്ന് പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകനാണ് മരിച്ചത്. കൊല്ലപ്പെട്ട എട്ട് പേരിൽ നാല് പേർ കർഷകരാണ്. സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരെ പൊലീസ് കേസെടുത്തു.കർഷക സമരത്തിനെതിരായി അജയ് മിശ്രയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയവർക്കെതിരെ മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റുകയായിരുന്നു. ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് മൗര്യയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അജയ് മിശ്ര.
അതേസമയം ലഖിംപൂരിലേക്ക് പുറപ്പെടാൻ ശ്രമിച്ച യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, കാർ പിടിച്ചെടുത്തു. നേരത്തെ പൊലീസ് തടഞ്ഞതിനെ തുടർന്ന് വസതിക്ക് മുമ്പിൽ അഖിലേഷും സംഘവും ഇരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. നേതാക്കളെ ലഖിംപൂർ സന്ദർശിക്കുന്നതിൽ നിന്ന് തടയുന്ന സർക്കാർ എന്താണ് മറച്ചുവെക്കുന്നതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ലഖിംപൂരിലേക്ക് പുറപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിലാണ്. സീതാപൂരിൽവെച്ച് ആസാദിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെ ലഖിംപൂരിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഖിംപൂരിലേക്ക് പുറപ്പെട്ട ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് സതീഷ് ചന്ദ്രയെയും പൊലീസ് തടഞ്ഞിട്ടുണ്ട്. സതീഷ് ചന്ദ്രയെ വീട്ടുതടങ്കലിലാക്കി എന്നാണ് റിപ്പോർട്ട്. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങിനെ ലഖിംപൂരിലേക്ക് കടത്തിവിട്ടില്ല. വാഹന പരിശോധനക്കിടെ സഞ്ജയ് സിങിനെ തടയുകയായിരുന്നു.
ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി രൺധാവയെയും വിമാനം ലാൻഡ് ചെയ്യാൻ അനുവദിക്കരുതെന്ന് യുപി സർക്കാർ നിർദേശം നൽകിയിരുന്നു. ലഖ്‌നൌ വിമാനത്താവള അധികൃതർക്കാണ് നിർദേശം നൽകിയത്. ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യു.പി പൊലീസ് നേതാക്കളെ തടയുന്നത്. എന്നാൽ ലഖിംപൂർ സന്ദർശിക്കുന്നത് എങ്ങനെയാണ് കുറ്റമാവുക എന്നാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ചോദ്യം.
പ്രതിഷേധിക്കാനെത്തിയ കർഷകർക്ക് നേരെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയതോടെ പ്രകോപിതരായ കർഷകർ ഒത്തുകൂടി. മന്ത്രിയുടെ വാഹനവ്യൂഹങ്ങളിൽ ഒന്നിന് തീയിട്ടു. സംഭവത്തിൽ മകൻ ആശിഷ് മിശ്രയ്ക്ക് പങ്കില്ലെന്ന് വാദിച്ച് മന്ത്രി അജയ് മിശ്ര രംഗത്തെത്തുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഇന്ന് 11 മണിക്ക് ഡല്‍ഹിയിലുള്ള യുപി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. അതേസമയം ജനങ്ങൾ ശാന്തരാകണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും ഉത്തർപ്രദേശ് പൊലീസ് മേധാവി ആവശ്യപ്പെട്ടു. സംഘർഷം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.