യുപി പിടിക്കാന്‍ രാഹുല്‍ ഇറങ്ങും: മണ്ഡലങ്ങള്‍ തിരിച്ച് റാലികള്‍, രാഹുല്‍ നേരിട്ടെത്തും

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അഖിലേഷ് – മായാവതി സഖ്യത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് വ്യക്തമായതോടെ സീറ്റുകള്‍ പിടിക്കാന്‍ രാഹുല്‍ തന്ത്രങ്ങള്‍ മെനഞ്ഞ് തുടങ്ങി. ആറ് ലോക്സഭാ മണ്ഡലങ്ങള്‍ വീതം ഉള്‍പ്പെടുത്തി 13 സോണുകളായി തിരിച്ചാണ് പ്രവര്‍ത്തനം. ഓരോ സോണിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി റാലി നടത്തും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബര്‍, പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
പഴയ സഖ്യം പിരിഞ്ഞ് ബദ്ധ വൈരികളായി മാറിയ രണ്ട് പാര്‍ട്ടികളും വീണ്ടും ഒന്നിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള സഖ്യ തീരുമാനം ബി.എസ്.പി നേതാവ് മായാവതിയും സമാജ്വാദി നേതാവ് അഖിലേഷ് യാദവും ഇന്നലെ സംയുക്ത പത്രസമ്മേളനത്തില്‍ ഔപചാരികമായി പ്രഖ്യാപിക്കുകയായിരുന്നു. യു.പിയിലെ 80 ലോക്സഭാ സീറ്റുകളില്‍ ഇരു പാര്‍ട്ടികളും 38 സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന് മായാവതി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അമേതിയിലും സോണിയാ ഗാന്ധിയുടെ റായ് ബറേലിയിലും സഖ്യം മത്സരിക്കില്ല. രണ്ട് സീറ്റുകള്‍ ചെറിയ പാര്‍ട്ടികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ ഇത് കോണ്‍ഗ്രസുമായുള്ള ധാരണയുടെ പുറത്താണെന്നാണ് വിവരം.

Top