പടയൊരുക്കം ആവേശത്തിലാക്കാൻ രാഹുൽ ഗാന്ധി എത്തുന്നു …

തിരുവനന്തപുരം :കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഡിസംബര്‍ 14 ലെ കേരള സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരം ഡി.സി.സിയില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനരോഷമാണ് പടയൊരുക്കം യാത്ര വിജയത്തിലെത്തിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് പടയൊരുക്കം സമാപന സമ്മേളനം മാറ്റി വയ്‌ക്കേണ്ടി വന്നത്. യാത്രയോടെ യു.ഡി.എഫിന് പുതിയ ആത്മവിശ്വാസം കൈവന്നു. മുന്നണിക്കുള്ളിലെ കെട്ടുറപ്പ് വര്‍ധിച്ചു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഓഖി ചുഴലിക്കാറ്റില്‍ ഇത്രയേറെ ജീവനുകള്‍ നഷ്ടമാകാന്‍ കാരണമായത്. കോണ്‍ഗ്രസ് അധ്യക്ഷ പദവിലേക്ക് എത്തുന്ന രാഹുല്‍ ഗാന്ധിയുടെ അദ്യകേരള സന്ദര്‍ശനം എന്നനിലയില്‍ പടയൊരുക്കം സമാപനസമ്മേളനം ചരിത്രസംഭവമാക്കി മാറ്റാന്‍ എല്ലാവരുടേയും സഹകരണം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പടയൊരുക്കം വന്‍ വിജയത്തിലെത്തിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. വിവാദങ്ങള്‍ കൊണ്ടാണ് എല്‍.ഡി.എഫും ബി.ജെ.പിയും നടത്തിയ യാത്രകള്‍ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ ജനപങ്കാൡത്തമാണ് പടയൊരുക്കത്തെ ശ്രദ്ധേയമാക്കിയത്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. അതുകൊണ്ടാണ് മരണസംഖ്യ ഇത്രയേറെ ഉയര്‍ന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കഴിയില്ല. വീഴ്ച തുറന്നുപറഞ്ഞ് മുഖ്യമന്ത്രി മാപ്പ് പറയണം. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉണ്ടായപ്പോര്‍ വിദഗ്ധ ഡോക്ടര്‍മാരുമായി അതിവേഗം പറന്നെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് കേരളത്തിലെ ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നും ഹസന്‍ ചോദിച്ചു.
സെന്‍ട്രല്‍ സ്റ്റേഡിയില്‍ നടക്കുന്ന യു.ഡി.എഫ് പടയൊരുക്കം മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കും.ശനിയാഴ്ച ബ്ലോക്ക് തലത്തിലും ഞയറാഴ്ച മണ്ഡലം തലത്തിലും തിങ്കളാഴ്ച നിയോജക മണ്ഡലം തലത്തിലും യു.ഡി.എഫ് നേതാക്കളുടെ വിപുലമായ യോഗം ചേര്‍ന്ന് പടയൊരുക്കം സമാപനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുന്‍ മന്ത്രി ഷിബു ബോബിജോണ്‍, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, കെ.എസ്.ശബരീനാഥന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കെ.പി.സി.സി സെക്രട്ടറിമാരായ മണക്കാട് സുരേഷ്, ആര്‍.വത്സലന്‍,ഘടകകക്ഷി നേതാക്കളായ ബീമാപള്ളി റഷീദ്, സനല്‍കുമാര്‍, എം.എന്‍.നായര്‍, കരുമം സുന്ദരേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top