മണിയുടെ സഹോദരന്‍ ലംബോദരന്റെ കമ്പനി സ്‌പൈസസ് ബോര്‍ഡിനു നല്‍കിയത് വ്യാജ വിവരങ്ങള്‍,ആശയവിനിമയത്തില്‍ നടത്തിയത് കള്ളക്കളി

മൂന്നാര്‍ :മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള കമ്പനി സ്‌പൈസസ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചും വ്യാജ വിവരങ്ങള്‍ നല്‍കിയും വാണിജ്യ നേട്ടമുണ്ടാക്കാന്‍ നടത്തിയ ശ്രമം പുറത്ത്. ഇല്ലാത്ത സംവിധാനങ്ങള്‍ ഉണ്ടെന്ന് വ്യാജ വിവരം നല്‍കി ഇലേല സ്‌പെയ്‌സ് നേടിയെടുക്കാനായിരുന്നു ശ്രമം. സ്‌പൈസസ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ലംബോദരന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള പുലരി പ്ലാന്റേഷന്‍സ് നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്നു വ്യക്തമായി.
2014 ഡിസംബറിലാണ് ഇലേലം നടത്തുന്നതിനുള്ള അനുമതിക്കായി പുലരി പ്ലാന്റേഷന്‍സ് ബോര്‍ഡിന് അപേക്ഷ നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടതിനെത്തുടര്‍ന്ന് ബോര്‍ഡ് അപേക്ഷ തള്ളി. തുടര്‍ന്ന് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും നടപടി പുനപരിശോധിക്കാന്‍ കോടതി ബോര്‍ഡിനു നിര്‍ദേശം നല്‍കുകയുമായിരുന്നു. പിന്നീടു നടത്തിയ പരിശോധനയിലാണ് പുലരി പ്ലാന്റേഷന്‍സ് നല്‍കിയ വിവരങ്ങളും ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ നടത്തിയ കള്ളക്കളികളും പുറത്തുവന്നത്.

ഇലേലം നടത്തുന്നതിനുള്ള ഗോഡൗണ്‍, പൂളിങ് ഡെപ്പോകള്‍, മറ്റു സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടെന്നായിരുന്നു കമ്പനി അപേക്ഷയില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സ്ഥലത്ത് പരിശോധന നടത്തിയ സ്‌പൈസസ് ബോര്‍ഡ് സംഘത്തിന് കാണാനായത് ഒരു പൂളിങ് ഡെപ്പോ മാത്രമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അപേക്ഷയില്‍ പറഞ്ഞിരുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്. ഹൈക്കോടതി ഉത്തരവു വന്ന ശേഷം തട്ടിക്കൂട്ടിയവയാണ് ഇവയെന്നാണ് സ്‌പൈസസ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. അപേക്ഷ നല്‍കിയ സമയത്തോ കോടതിയെ സമീപിക്കുന്ന സമയത്തോ കമ്പനിക്ക് ഇത്തരം സംവിധാനങ്ങളില്ല. ഇക്കാര്യത്തില്‍ തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കമ്പനി നല്‍കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബോര്‍ഡ് പരിശോധന നടക്കുന്ന സമയത്ത് പാതി പണിത നിലയിലായിരുന്നു ഗോഡൗണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റെജിസ്ട്രാര്‍ ഒഫ് കമ്പനീസിന് കമ്പനി സമര്‍പ്പിച്ച ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പ്രകാരം 9460 രൂപ മാത്രമായിരുന്നു ക്യാഷ് ബാലന്‍സ്. ഇരുപതു ലക്ഷം രൂപയാണ് കമ്പനി പ്രവര്‍ത്തന മൂലധനമായി കാണിച്ചത്. കുറഞ്ഞത് മൂന്നു കോടി രൂപയ്ക്കുള്ള ഏലം കൈകാര്യം ചെയ്യുന്നതിന് ഈ മൂലധനം അപര്യാപ്തമാണെന്ന് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, അനുമതി നിഷേധിക്കാതിരിക്കുന്നതിനു കാരണം ആരാഞ്ഞ് ബോര്‍ഡ് കമ്പനിക്കു നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ഇങ്ങനെയൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന വിശദീകരണമാണ് കമ്പനി ബോര്‍ഡിനു നല്‍കിയത്. എന്നാല്‍ ചിത്തരപുരം, പോത്തന്‍കാട പോസ്റ്റ് ഓഫിസുകളില്‍ നടത്തിയ പരിശോധനിയല്‍ നോട്ടീസ് കമ്പനിക്കു നല്‍കിയിട്ടുണ്ടെന്നു ബോധ്യപ്പെട്ടു. കമ്പനിക്കു വേണ്ടി എംജി മനോഹരന്‍ എന്നയാളാണ് നോട്ടിസ് കൈപ്പറ്റിയതെന്നും ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിന്നീട് നേരിട്ടു നല്‍കിയ നോട്ടീസിന് നല്‍കിയ വിശദീകരണവും തൃപ്തികരമല്ലെന്നു കണ്ടതിനെത്തുടര്‍ന്നാണ് പുലരി പ്ലാന്റേഷന്‍സിന്റെ അപേക്ഷ സ്‌പൈസസ് ബോര്‍ഡ് തള്ളിയത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നോട്ടീസില്‍ ഉന്നയിച്ച സംശയത്തിന് മറ്റൊരു കമ്പനിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും ബാലന്‍സ് ഷീറ്റും സമര്‍പ്പിക്കുകയാണ് പുലരി പ്ലാന്റേഷന്‍സ് ചെയ്തത്. കാഞ്ഞിരവേലില്‍ ട്രെയഡേഴ്‌സ് എന്ന ഈ സ്ഥാപനത്തിന് പുലരി പ്ലാന്റേഷന്‍സുമായുള്ള ബന്ധം വ്യക്തമല്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനുള്ള നിയമപരമായ അധികാരം ബോര്‍ഡിനില്ലെന്ന വാദം ഉന്നയിച്ചാണ് കമ്പനി ഇതിനെ നേരിട്ടത്.

അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന സംവിധാനങ്ങള്‍ ഇല്ലെന്ന് മറുപടിയില്‍ സമ്മതിച്ച കമ്പനി പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനുമതി തരണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. എന്നാല്‍ പുതിയ സംവിധാനങ്ങള്‍ പൂര്‍ണമല്ലെന്നതും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങള്‍ നല്‍കിയെന്നതും കണക്കിലെടുത്ത് ബോര്‍ഡ് അപേക്ഷ തള്ളുകയായിരുന്നു.

പുലരി പ്ലാന്റേഷന്‍സിന് 139 കോടിയുടെ ആസ്തിയുണ്ടെന്നും മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോദരന്റെ കുടുംബത്തിന് ഇതില്‍ 15 കോടിയുടെ നിക്ഷേപമുണ്ടെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ലംബോദരന്റെ മകന്‍ ലജീഷാണ് കമ്പനിയുടെ എംഡി. വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്നും സ്‌പൈസസ് ബോര്‍ഡില്‍നിന്ന് ലേലത്തിനു ലൈസന്‍സ് കിട്ടാത്തതിനാല്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് ലംബോദരന്‍ പ്രതികരിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

Top