സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചു!!! മന്ത്രി എംഎം മണിയുടെ വെളിപ്പെടുത്തല്‍; ഔദ്യോഗിക പ്രഖ്യാപനമാണെന്നും മന്ത്രി

ശബരിമല സ്ത്രീ പ്രവേശനത്തെ വീണ്ടും ആളിക്കത്തിക്കുന്ന പ്രസ്താവനയുമായി മന്ത്രി എം.എം. മണി രംഗത്തെത്തി. ശബരിമലയില്‍ യുവതികള്‍ കയറിയെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഔദ്യോഗിക പ്രഖ്യാപനമാണോ ഇതെന്ന ചോദ്യത്തിന് ‘പിന്നെ, യുവതികള്‍ കയറിയില്ല എന്ന് വിചാരിച്ച് ഇരിക്കുവാണോ,? നിങ്ങള്‍ ഏത് ലോകത്താണ്’ എന്നാണ് അദ്ദേഹം മറു ചോദ്യം ഉന്നയിച്ചത്.

കോതമംഗലത്ത് വച്ച് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതികള്‍ മല കയറിയെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമാണോ ഇതെന്ന ചോദ്യത്തിന് പിന്നല്ലാതെ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ചോദ്യം ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ ഏത് ലോകത്താണെന്നും മണി ചോദിച്ചു.

‘ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ലക്ഷം സ്ത്രീകളെയും കൊണ്ട് മല കയറാമല്ലോ. അവിടെ ആരും തടയാനൊന്നും വരില്ല. അതിനുള്ള കെല്‍പ്പൊക്കെ ഞങ്ങള്‍ക്കുണ്ട്. അതൊന്നും ഞങ്ങളുടെ പരിപാടിയല്ല. പോകുന്നവര്‍ക്ക് സംരക്ഷണം കൊടുക്കും. കോടതി പറഞ്ഞത് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാമെന്നാണ്. പോയില്ലെങ്കില്‍ ശിക്ഷിക്കുമെന്ന് കോടതി പറഞ്ഞിട്ടില്ല’, കോതമംഗലത്ത് വച്ചാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

Top